സ്റ്റേജ് കയ്യേറ്റം


പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ഒരു പ്രവര്‍ത്തകനില്‍ നിന്നറിഞ്ഞാണ് ആ കൂട്ടായ്മയില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്. പല വിധത്തില്‍ പ്രയാസം അനുഭവിക്കുന്ന അറുപതില്‍ പരം ആളുകളും അത്രതന്നെ അവരുടെ ആശ്രിതരും പിന്നെ നാല്പതില്‍ കൂടുതല്‍ വളണ്ടിയര്‍മാരും ചേര്‍ന്നതായിരുന്നു ആ കൂട്ടം. ഇത്തിരി വൈകി എത്തിയതില്‍ ചെറിയ നിരാശ വന്നെങ്കിലും കുറേ ആളുകളെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നി.

ഒരു വലിയ ഹാളില്‍ അര്‍ദ്ധ വൃത്താകൃതിയില്‍ 20 കിടക്കകളും കുറേ വീല്‍ ചെയറുകളും അതിന് മുന്‍വശത്ത് സ്റ്റേജും. ഇതായിരുന്നു അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. പരസ്പരം പരിചയപെടാനുള്ള അവേശത്തോടെ പലരുടേയും കിടക്കകള്‍ക്കരികിലേക്കും വീല്‍ ചെയറിനരികിലേക്കുംചെറു പുഞ്ചിരിയോടെ നടന്ന് ചെന്നപ്പോള്‍ അവരിലും നിറപുഞ്ചിരിയുണ്ടായിരുന്നു എനിക്ക് നല്‍കാനായി. മുതിര്‍ന്നവരെ ബഹുമാനത്തോടെ തന്നെ പരിചയപ്പെടുകയും സമപ്രായക്കരോടും അനിയന്മാരോടും അവരിലേക്ക് ചേര്‍ന്ന് ദേഹത്ത് മുട്ടിയുരുമ്മിയിരുന്ന് വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോ എന്നിക്ക് എന്തോ ഒരു പുതു എനര്‍ജി കിട്ടിയത് പോലെ തോന്നി.

ഉച്ച സമയം ആയപ്പോ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുകയും കുറെ പേരെ ഭക്ഷണം കഴിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു വളണ്ടിയര്‍മാര്‍. ഈ സമയമത്രയും സ്റ്റേജില്‍ പാട്ടുകളായും ഡാന്‍സുകളായും പല കലാപരിപാടികളും നടക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും സ്റ്റേജില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒരു പയ്യന്‍ മോണോ ആക്റ്റ് തുടങ്ങിയത് നോര്‍മല്‍ അല്ലാത്ത സ്വരം സ്പീക്കറിലൂടെ കേട്ടാണ് ഞാന്‍ ശ്രദ്ധിച്ചത്. സംസാരിക്കാന്‍ വൈകല്യം ഉള്ള ഒരാളുടെ സ്വരം ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചാണ് അവന്‍ തുടങ്ങിയത്. അത് കേട്ട് തുടങ്ങിയപ്പോ എനിക്കെന്തോ വിഷമം തോന്നി. അവിടെ പരിചയപെട്ട നാലോ അഞ്ചോ ആളുകള്‍ക്ക് സംസാരിക്കാന്‍ ഒത്തിരി പ്രയാസം ഉള്ളതായി എനിക്ക് അറിയാമായിരുന്നു.

ഒരു പാലിയേറ്റീവ് പ്രവര്‍ത്തകനെ വിളിച്ച് ഇത്തരം ഹാസ്യം നല്ലതെല്ലെന്നും അതിനാല്‍ ആ പ്രോഗ്രാം നിര്‍ത്തണമെന്നും അപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന് അതിന്റെ ഗൌരവം അത്രക്ക് മനസ്സിലായില്ലാ. അപ്പോഴും ആ പയ്യന്‍ തന്റെ ആക്ഷേപ ഹാസ്യം തുടര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു.

പിന്നീട് ഒന്നും ആലോചിക്കാതെ ഞാന്‍ സ്റ്റേജിലേക്ക് കയറിചെന്ന് സ്റ്റാന്റില്‍ നിന്ന് മൈക്ക് ഊരിയെടുത്ത് അത് ഓഫ് ചെയ്ത് താഴെ വെച്ചു. സ്തംഭിച്ച് നിന്ന സദസ്സിനെ നോക്കി ഞാന്‍ എന്റെ വിഷമം ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു
“ഇവിടെ കൂടിയവരില്‍ സംസാരിക്കാന്‍ കഴിയാത്തവരും സംസാര വൈകല്യം ഉള്ളവരും ഉണ്ട്. അവരെ മുന്‍നിര്‍ത്തി വൈകല്യത്തെ കളിയാക്കുന്ന രീതിയിലുള്ള ഈ പരിപാടി എനിക്കിഷ്ട്ടായില്ലാ.. അതുകൊണ്ട്, മൈക്ക് ഓഫ് ചെയ്ത് ഞാന്‍ പ്രതിഷേധിക്കുന്നു.”

*****************************************************************************


ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു ഞാന്‍ ആ ചെയ്തത് തന്നെയാണ് ശരി എന്ന്. ഒരു കൂട്ടര്‍ പറയുന്നു “വൈകല്യത്തെ കളിയാക്കലല്ലാ അവസാനം അവരെ സപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് ആ  പ്രോഗ്രാമില്‍ ഉള്ളത്,  നീ ക്ലൈമാക്സ് കണാതെ പ്രതികരിച്ചത് ശരിയായില്ലാ”.
അവരോട് എനിക്ക് പറയാനുള്ളത്  “വൈകല്യത്തെ കൂടുതല്‍ വികൃതമാക്കി അവരെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിന്‍?? ആര്‍ക്ക് വേണ്ടി..??

പിന്‍ കുറിപ്പ്: ഈ പരിപാടിയില്‍ മുകളില്‍ പറഞ്ഞ ചെറിയ ഒരു ഉടക്ക് ഉണ്ടായി എന്നല്ലാതെ ബാക്കി എല്ലാം നന്നായിരുന്നു. എനിക്ക് വളറെ ഇഷ്ട്ടമാവുകയും ചെയ്തു.

സിനിമാ നടന്‍ മമ്മുട്ടി പങ്കെടുക്കും


തൊടുപുഴ ബ്ലോഗ്ഗ് മീറ്റില്‍ കേരളത്തിന്‍റെ ജനകീയനായ നടന്‍ എന്‍റെ സുഹൃത്തുകൂടിയായ മമ്മൂട്ടിയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. അദ്ദേഹവും ഒരു ബ്ലോഗ്ഗറാണ്.... അത് മീറ്റിനു നല്ല ഒരു നടനാനുഭവം പകരും. ഒരുപക്ഷേ മമ്മുട്ടിയുടെ ദി കിംഗ് എന്ന സിനിമയും, ന്യൂഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥയും, സാഗരംസാക്ഷിയും ഒക്കെ നിങ്ങള്‍ക്ക് സുപരിചിതമായിരിക്കും എന്നാലും ഈ നടനെ ഒന്ന് നേരില്‍ കാണാനും. ഈ സിനിമാനുഭവങ്ങള്‍ നേരില്‍ ഒന്ന് പറഞ്ഞ് കേള്‍ക്കാനും ആഗ്രഹിക്കാത്തവരായി ആരും കാണാതിരിക്കില്ല. അവര്‍ക്ക് ഈ അവസരം പ്രയോജനപ്രദമാകും.

www.pavapettavan.com

മുകളില്‍ കാണുന്ന ലിങ്കില്‍ പോയി വായിച്ച ശേഷം മാത്രം ഇവിടെ കമന്റുക.

---------------------------------------------------------------------------------------------------------

കൂട്ടിച്ചേര്‍ത്തത് (May/20/2010 | 10:37 PM):
പ്രിയ ബ്ലോഗ് സുഹൃത്തുക്കളേ,
തൊടുപുഴ മീറ്റുമായി ബന്ധപെട്ട് പാവപെട്ടവന്‍ എഴിതിയ ഒരു പോസ്റ്റ് വായിച്ചപ്പോ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ആണ് മുകളില്‍ ഞാന്‍ എഴിതിയ ‘സിനിമാ നടന്‍ മമ്മുട്ടി പങ്കെടുക്കും’ എന്ന പോസ്റ്റ്

ഈ പോസ്റ്റ് എഴുതാനുള്ള കാരണങ്ങള്‍ (എനിക്ക് തോന്നിയവ, സത്യമാകണമെന്നില്ലാ):
* >>> മുരുകന്‍ കാട്ടക്കടയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും <<< ശ്രമിക്കും!, അദ്ദേഹത്തോട് മീറ്റിനെ പറ്റി സംസാരിച്ച ശേഷം, ‘അദ്ദേഹം വരാമെന്നേറ്റിട്ടുണ്ട്’ എന്നായിരുന്നു നല്ലത്. ഇതിപ്പോ ആരോ നിര്‍ബന്ധിച്ച് ചെയ്യിക്കുന്ന ഒരു ഫീലിംഗ്

* >>> അദ്ദേഹവും ഒരു ബ്ലോഗ്ഗറാണ് <<< എന്നാല്‍ കവിക്ക് ബ്ലോഗ് മീറ്റിന് വരാന്‍ പ്രത്യേക ക്ഷണം എന്തിന്??

* >>> എന്‍റെ സുഹൃത്തുകൂടിയായ മുരുകന്‍ കാട്ടക്കടയെ <<< ആദ്യ വരിയില്‍ തന്നെ അദ്ദേഹം തന്റെ സുഹ്രുത്താണെന്ന് തെളിയിക്കാനുള്ള വെമ്പല്‍.

ഇതെല്ലാം കണ്ടപ്പോ സുഹൃത്തായ(വണ്‍വെ സുഹൃത്ത്) മമ്മുട്ടിയെ എനിക്കും എന്തു കൊണ്ട് ശ്രമിച്ചുകൂടാ എന്ന് തോന്നി. അദ്ദേഹവും ബ്ലോഗര്‍ ആണല്ലോ..!

ഇതിനോട് ചുവട് പിടിച്ച് റ്റോംസും, അലിയും എഴുതിയ നര്‍മ പോസ്റ്റുകളെ പോലെ അല്ല ഞാന്‍ ഉദ്ദേശിച്ചത്, പാവപെട്ടവന്റെ അവതരണ രീതി എനിക്കിഷ്ട്ടപെട്ടില്ലാ. അതിനോട് ഒന്ന് പ്രതികരിക്കുക എന്നുമാത്രമെ ഞാന്‍ കരുതിയുള്ളൂ. പാവപെട്ടവന്റെ പോസ്റ്റിലെ ചില പേരുകളും പ്രയോഗങ്ങളും മാറ്റുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ (ഒരു പാരഡി പോലെ).


പാവപെട്ടവാ ബ്ലോഗ് മീറ്റിന് ഞാനും ഉണ്ടാവും, നമുക്കവിടെ അര്‍മാദിക്കാം.. :) തൊടുപുഴ മീറ്റ് കീജെയ്
ഇതൊരു കളിയാക്കല്‍ പോസ്റ്റ് അല്ലാ. ഒരു ചെറിയ പ്രതികരണം മാത്രം

ദുരിതക്കിടക്കയില്‍ പ്രാര്‍ഥനയോടെ..


'പതിമൂന്ന് രൂപക്ക് അണ്‍ ലിമിറ്റഡ് മൊബൈല്‍ നെറ്റ്, മൂന്ന് ദിവസത്തേക്ക്' ഈ ഓഫര്‍ ആക്റ്റീവ് ചെയ്ത് മൊബൈലില്‍ ചാറ്റികൊണ്ടിരിക്കുമ്പോഴാണ് സ്ട്രക്ച്ചറുമായി രണ്ട് നേഴ്‍സുമാര്‍ എന്റെ റൂമിലേക്ക് വന്നത്. “ടോയ്‌ലറ്റില്‍ പോകാനുണ്ടെങ്കില്‍ വേഗം പോയിട്ട് വാ” വന്നയുടനെ അവര്‍ പറഞ്ഞു . 12 മണിക്കൂര്‍ മുമ്പ് ഭക്ഷണം ഒന്നും കഴിക്കാന്‍ പാടില്ലെന്ന് പറഞ്ഞതിനാല്‍ ടോയ്‌ലറ്റില്‍ പോയിട്ടും കാര്യമുണ്ടായില്ലാ. എന്നാലും കഷ്ട്ടപെട്ട് ഇത്തിരി മുള്ളി. ഇനി അവിടെ പോയി ഇഞ്ചക്ഷന്‍ എടുക്കുമ്പോഴങ്ങാനും അറിയാതെ മുള്ളിപോയാലോ എന്ന പേടിയും ഉണ്ടായിരുന്നു. മുള്ളലും കഴിഞ്ഞ് മുഖം കഴുകി മുടി ചുള്ളനായി ഒതുക്കിവെച്ച് സ്ട്രക്ച്ചറില്‍ കയറി കിടന്നു. താഴത്തെ നിലയില്‍ ഓപ്പറേഷന്‍ തിയേറ്ററിനു അരികിലെ റൂമില്‍ വെച്ച് ഉടുത്തിരിക്കുന്ന മുണ്ടും ടീഷര്‍ട്ടും അഴിപ്പിച്ച് പച്ച കളറിലുള്ള ഒരു കോട്ട് ഇടാന്‍ തന്നു. ബി പി നോക്കി അത് കുറിച്ച് വെച്ച് കയ്യിലും ചന്തിയിലും ചെറിയ രണ്ട് ഇഞ്ചക്ഷന്‍ തന്ന് എന്നെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റി.

അഞ്ച് മിനുട്ട് കൂടുമ്പോ ഒരു നേഴ്സ് എന്റെ ബി പി നോക്കുന്നുണ്ടായിരുന്നു. പേടിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോ തുടങ്ങിയതാ ചെറിയ ഒരു പേടി. കയ്യിലെ തള്ളവിരലില്‍ ഇട്ടിരിക്കുന്ന പള്‍സ് സെന്‍സെര്‍ ക്ലിപ്പ് വഴി മോണിറ്ററില്‍ എന്റെ പേടി പയ്യെ പയ്യെ ഉയരുന്നതായി എനിക്ക് തന്നെ കാണാമായിരുന്നു. “ഛെ ഇത്രയും വലുതായിട്ടും പേടിയോ” എനിക്ക് തന്നെ എന്റെ പേടിയോട് വെറുപ്പ് തോന്നി. എനിക്കിഷ്ട്ടപെട്ട ഒരു നാടന്‍ പാട്ട് മനസ്സില്‍ പാടാന്‍ ശ്രമിച്ചു . പയ്യെ പയ്യെ പള്‍സ് നോര്‍മല്‍ ആയപ്പോ പേടി പോയെന്നും ഞാന്‍ ഭയങ്കര സംഭവം ആണെന്നും എനിക്കു തോന്നി. എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞ എന്നോട് എനിക്ക് ബഹുമാനവും ആദരവും തോന്നി തുടങ്ങി. സന്തോഷം കൂടിയപ്പോ ദേ പള്‍സ് വീണ്ടും കൂടുന്നു, പുറമേ കാണിച്ച ജാഡയൊന്നും സെന്‍സെറിനെ പറ്റിക്കാന്‍ ഒക്കില്ലെന്ന് കണ്ട ഞാന്‍ കണ്ണുകളടച്ച് കിടന്നു. അതിനിടക്ക് നാല് കുപ്പി ഗ്ലൂക്കോസ് കയറിയിരുന്നു വലത് കയ്യിലൂടെ.

പയ്യെ എഴുനേറ്റ് ഇരിക്കാന്‍ പറഞ്ഞ് എന്നെ രണ്ട് നേഴ്സുമാര്‍ പരമാവധി കുനിച്ച് പിടിച്ചു. അനങ്ങാന്‍ പറ്റാത്ത വിധം രണ്ടു പേര്‍ പിറകില്‍ നിന്നും അവരെ സപ്പോട്ട് ചെയ്തു. മുമ്പ് കഴിഞ്ഞ സര്‍ജറിക്ക് കുത്തിയ നട്ടെല്ലിനുള്ള അനസ്ത്യേഷ്യ ഇപ്പം കുത്തും എന്ന പ്രതീക്ഷയില്‍ തന്നെ ആയിരുന്നു ഞാനും. നട്ടെല്ലിന്റെ കശേരുക്കള്‍ തപ്പിനോക്കി ഡോക്റ്റര്‍ പറഞ്ഞു ചെറിയ ഒരു ഇഞ്ചക്ഷന്‍ വെക്കുന്നുണ്ടെന്ന്. “നുണ” എനിക്കറിയാം, കാണാന്‍ പേടിതോനുന്ന ഒരു വലിയ സൂചിയാണ് ഇഞ്ചക്ഷന് ഉപയോഗിക്കുന്നതെന്ന്. വേദന സഹിക്കാന്‍ തയ്യാറായി ജാഡയോടെ ഞാന്‍ “ഓക്കെ” പറഞ്ഞു. നട്ടെല്ലില്‍ ഒരു കിടിലം വേദന....... കുത്തി നിര്‍ത്തിയ സൂചി തിരിച്ചെടുക്കും വരെ ഞാന്‍ ചോദിചോണ്ടിരുന്നു “തീര്‍ന്നോ”. ഞാന്‍ ചോദിച്ചത് എനിക്ക് മത്രേ മനസ്സിലായുള്ളൂ. വേദന കാരണം ശബ്ദം പുറത്തു വന്നിരുന്നില്ലെന്ന് പിന്നീടാ മനസ്സിലായെ.

അല്‍പ്പസമയം കഴിഞ്ഞപ്പോ പയ്യെ പയ്യെ അരക്ക് താഴെ തരിപ്പ് വരാന്‍ തുടങ്ങി. കാല്‍മുട്ട് വരെ മാത്രേ എത്തിയുള്ളൂ ആ തരിപ്പ്. അത് മനസ്സിലാക്കിയ ഡോക്റ്റര്‍ വീണ്ടും എന്നെ കുനിച്ച് ഇരുത്തി. എന്നിട്ട് പറയാ ഒരു ചെറിയ ഡോസ് കൂടി വേണമെന്ന്. എനിക്ക് ശരിക്കും സങ്കടായി. ഇനിയും നട്ടല്ലിനുള്ള കുത്ത് സഹിച്ചേ തീരൂ. വീണ്ടും കുത്തി, ആദ്യ ഡോസിന്റെ എഫക്റ്റ് കാരണം ഒത്തിരി വേദനിച്ചില്ലാ. എന്നാലും ഉണ്ടാര്‍ന്നു കുറേ വേദന. ഇപ്പൊ ചെയ്ത അനസ്തേഷ്യ ശരിക്കും എഫക്റ്റ് ചെയ്തു. ഇപ്പൊ അരക്ക് താഴെ ഒന്നുമില്ലാ. തൊട്ടുനോക്കിയപ്പോ മരത്തിലോ മറ്റോ തൊട്ടത് പോലെ. കണ്ണ് മൂടികെട്ടുന്നതിനു മുമ്പേ ഞാന്‍ ചുറ്റും നോക്കി. മൂന്ന് പാത്രം നിറയെ കത്രികകള്‍, പിന്നെ ഒരു ചുറ്റിക, അപ്പുറത്ത് ഒരു ചെറിയ ഡ്രില്ലിങ് മെഷീന്‍ പിന്നെ കണ്ടാല്‍ അറിയാത്ത കുറേ എന്തൊക്കയോ സാധനങ്ങള്‍. ഇനി പേടിക്കാനൊന്നുമില്ലാ, വേദനിക്കിലാ. കാലില്‍ എന്ത് ചെയ്താലും ഇനി ഒന്നും അറിയിലാ.

എന്തൊക്കയോ തട്ടുകയും മുട്ടുകയും ചെയ്യുന്ന ശബ്ദം മാത്രം കേള്‍ക്കാം. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കണ്ണിലെ കെട്ടഴിച്ച് കാലിലേക്ക് നോക്കികൊള്ളാന്‍ പറഞ്ഞു. ആഹാ.... എന്റെ കാല്‍ ഇപ്പൊ ഫ്രീ ആയിരിക്കുന്നു. നാല് മാസം മുമ്പ് കാലില്‍ ഇട്ടിരുന്ന illizrove steel എല്ലാം കാലിലില്‍ നിന്നും എടുത്തു മാറ്റിയിരിക്കുന്നു. (♪♫ സന്തോഷം കൊണ്ടെനിക്ക് കിടക്കാന്‍ വയ്യേ ഞാനിപ്പം....♪♫)

റിക്കവറി റൂമിലേക്ക് മാറ്റിയ എന്നെ ഒരു നേഴ്സ് വന്ന് ഇടക്കിടക്ക് പള്‍സും ബി പി യും കുറിച്ചെടുക്കുന്നുണ്ടായിരുന്നു. ഞാന്‍ കൈകൊണ്ട് അരക്ക് താഴെ തൊട്ടു നോക്കി. ഒന്നും അറിയുന്നില്ലാ. അരക്ക് താഴെ ഒന്നും ഇല്ലാത്ത പോലെ. എനിക്ക് ഒത്തിരി സങ്കടം വന്നു. കഴുത്തിന് തഴേക്കും അരക്ക് താഴേക്കും ചലന ശേഷിയും സ്പര്‍ശന ശേഷിയും നഷ്ട്ടപെട്ട എന്റെ കൂട്ടുകാരെ ഞാന്‍ ഓര്‍ത്തു. അവരുടെ അവസ്ഥയും ഇപ്പോഴത്തെ എന്റെ അവസ്ഥയും ഒന്നാണെന്ന് മനസ്സിലായപ്പോഴാണ് സ്പൈനല്‍ കോഡിന് ക്ഷതം പറ്റിയാ‍ലുള്ള പ്രശ്നം എനിക്ക് ശരിക്കും മനസ്സിലായത്. ആലോചിക്കും തോറും എന്റെ ഹൃദയം കൂടുതല്‍ മിടിക്കാന്‍ തുടങ്ങി. വീട്ടുകാരുടേയും, കോമയില്‍ കിടക്കുന്ന പ്രിയ സുഹൃത്ത് ഷാനിയുടേയും മുഖം മനസ്സില്‍ തെളിഞ്ഞപ്പോ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ലാ.

കടിച്ചമര്‍ത്താന്‍ ശ്രമിച്ച തേങ്ങലുകള്‍ പൊടുന്നനെ പുറത്തു വന്നു തുടങ്ങി. അതോടെ ബി പി ഒത്തിരി കുറയാന്‍ തുടങ്ങി. ബി പി കുറവാണെന്ന് കണ്ട നേഴ്സ് ഉടനെ ഡോക്റ്ററെ വിളിക്കുകയും ഒരു ഇഞ്ചക്ഷന്‍ തരുകയും ചെയ്തു. എന്നോട് ഒന്നും പേടിക്കാനില്ലെന്നും സങ്കടപ്പെടരുതെന്നും ഡോക്റ്റര്‍ പറഞ്ഞു. പക്ഷെ ആരുടെ മുഖം കണ്ടാലും എനിക്ക് സങ്കടം കൂടികൂടി വന്നു. ഇഞ്ചക്ഷന്‍ ചെയ്തു പോവാന്‍ ഒരുങ്ങിയ ഡോക്റ്ററുടെ കൈകള്‍ മുറുകെ പിടിച്ച് കിടന്നപ്പോ കുറച്ച് ആശ്വാസം തോന്നി.

ഉപ്പയെ കാണണമെന്ന് പറഞ്ഞ എന്റെ അടുക്കലേക്ക് ഉപ്പയെ കൊണ്ടുവന്ന് കരയുരുതെന്ന് സിസ്റ്റെര്‍ പ്രത്യേകം പറഞ്ഞെങ്കിലും എനിക്കതിന് കഴിഞ്ഞില്ലാ. ഉപ്പയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ത്ത് വെച്ച് ഞാ‍ന്‍ കുറേ കരഞ്ഞു. പയ്യെ പയ്യെ നോര്‍മല്‍ ആയ എന്നെ ഇനി നീ ആരേയും കാണേണ്ടെന്നും കണ്ടാ നീ കരയുമെന്നും പറഞ്ഞ് ഒറ്റക്ക് കിടത്തി. പയ്യെ പയ്യെ ഞാ‍ന്‍ ഉറങ്ങി തുടങ്ങി.

പിറ്റേ ദിവസം ഡോക്റ്റര്‍ വന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ തലേ ദിവസം കാണിച്ച് കൂട്ടിയ വെപ്രാളങ്ങള്‍ അവരെ എത്രത്തോളം വിഷമിപ്പിച്ചെന്ന് മനസ്സിലായത്. ബിപി ഒരുപാട് കുറഞ്ഞെന്നും അത് ജീവന് തന്നെ ഭീഷണി ആവുന്ന രീതിയില്‍ എത്തിയെന്നും അവരെ അത് ഒരുപാട് ഭയപെടുത്തിയെന്നും പറഞ്ഞ് ഡോക്റ്റര്‍ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. വേണ്ടാത്ത ഓരോന്ന് ആലോചിച്ച് വീട്ടുകരേയും ഞങ്ങളേയും വിഷമിപ്പിച്ച് നീ എന്ത് നേടി എന്ന് ഡോക്ട്ടര്‍ ചോദിച്ചപ്പോഴും ഷാനിയുടെ മുഖം മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ..!