ലേഡീസ് ഓൺളി ടെസ്റ്റ്


ഉച്ചക്ക് 1.30 നു കോട്ടക്കലിൽ പിസ്.സി പരീക്ഷാ. ചാവക്കാട് നിന്ന് രാവിലെ ബസ് കയറി. ഹാൾ ടിക്കറ്റിൽ നൽകിയിരുന്ന സ്കൂളിന്റെ‌ നംബറിൽ വിളിച്ച് ബസ് ഇറങ്ങണ്ട സഥലം മനസ്സിലാക്കി വെച്ചിരുന്നു.
ബസ് ഇറങ്ങി.. അവിൽമിൽക്ക് എന്ന ബോഡ് കണ്ട ജൂസ് കടയിൽ കയറി. ഹാൾ ടിക്കറ്റ് എടുത്തു നോക്കി സമയം ഒന്നൂടെ ഉറപ്പ് വരുത്തി.

1.15 ആയപോ സ്കൂൾ ഗേറ്റിൽ എത്തി. സാധാരണ ടെസ്റ്റിനു പോകുമ്പോ കാണാറുള്ള പൊതുമുഖങ്ങൾ പോയിട്ട് ആരേയും എവിടേം കാണുന്നില്ലാ. ഉടനെ ഹാൾ ടിക്കറ്റ് എടുത്തു നോക്കി. ശരിയാ സമയം 1.30 തന്നെ. ന്നാ ഡേറ്റ് മാറിക്കാണും... അതും നോക്കി മൊബൈലിൽ ഉറപ്പ് വരുത്തി ഇന്നത്തെ ഡേറ്റ് തന്നെ ആണെന്ന്. സ്റ്റാഫ് റൂമിനു മുന്നിൽ കണ്ട സ്റ്റാഫിനോട് ബെല്ലടിച്ചോ എന്നു ചോദിച്ചപ്പോ.. ഇല്ലാ.. സമയാവുന്നു.. എല്ലാവരും കയറി ഇരുന്നു.. വേഗം ഹാൾ നംബർ നോക്കി കയറിയിരിക്കാൻ പറഞ്ഞു. അപ്പുറത്തും ഇപ്പുറത്തും ഉള്ള ഹാളുകളിൽ പരീക്ഷാർഥികൾ കയറിയിരിപ്പുണ്ട്. വനിതാ കോളേജിൽ പോയ ഫീലിങ്ങ്... എല്ലാം പെൺകുട്ടികൾ..

കിളികളെ കണ്ടപ്പോ ലഡുപൊട്ടിയെങ്കിലും ഉടനെ ഉള്ളിൽ സ്പാർക്ക് ചെയ്യാൻ തുടങ്ങി... ഇനി എന്റെ പരീക്ഷ ഇവിടെ അല്ലേ... മെയിൻ ബോഡിൽ നിന്ന് ഡി ബ്ലോക്ക് ഒന്ന് എന്ന ഹാൾ ആണു എനിക്കുള്ള ഇടം എന്ന് മനസ്സിലാക്കി. സ്കൂളിന്റെ അങ്ങേ അറ്റത്താണു ഡി ബ്ലോക്ക്. ഹാൾ ടിക്കട്ടെടുത്ത് ഒന്ന് കൂടി ഉറപ്പാക്കി എന്റെ നംബറിൽ സീറ്റ് ഉണ്ടെന്ന്. എന്നിട്ടും ക്ലാസിൽ പോകാൻ അമ്മാന്തം.... ദൂരേന്ന് തന്നെ കാണാം ക്ലാസ് നിറയെ പെൺപട മാത്രം.

അല്ലാ.. ഇനി ഇപ്പോ ഗേൾസിനു റിസർവേഷൻ ഉള്ള പോസ്റ്റിലേക്കാവോ പരീക്ഷ... അപ്പോ പിന്നെ എനിക്കെങ്ങനാ ഹാൾ ടിക്കട്ട് വന്നെ... ഇനി ഗേൾസ് ഓൺലി സംവരണത്തിനു മാത്രമായുള്ള പരീക്ഷക്ക് ഞാൻ ശ്രദ്ദിക്കാതെ അപേഷ അയച്ചതാണോ.. റബ്ബേ...
പി.എ.സ്സി ശ്രദ്ദിക്കാതെ എനിക്ക് ഹാൾ ടിക്കട്ട് അയച്ചതാണോ...
ഹാൾ ടിക്കറ്റ് ഒന്നൂടെ നോക്കി. കെ.എസ്.ആർ.ടി.സിയിൽ സ്റ്റോർ ഇസ്സ്യുഎർ.. ഇതാണു പോസ്റ്റ്. സ്പെഷ്യൽ സസ്തിക എന്നൊന്നും കാണുന്നില്ലാ.

ന്തായാലും നാണക്കേടായി... ഇനി എങ്ങനെ ഒന്ന് സ്പോട്ട് കാലിയാക്കും എന്ന ചിന്തയായി. ധൃതി വെച്ച് അപ്പുറത്തെ ഹാളിലേക്ക് നടന്ന് നീങ്ങണ പെങ്കുട്ടീടെ പിറകെ വെച്ച് പിടിച്ചു ഞാനും. ആരും കാണാതിരിക്കാൻ ഹാൾടിക്കറ്റ് മടക്കികൂട്ടി പോകറ്റിലിട്ടു. അവളുടെ ഹസ്സോ.. ഇക്കയോ ആണെന്നും അവൾക് എസ്കോട്ട് വന്നതാന്നും ഒക്കെ കാണുന്നോർ ധരിച്ചോട്ടെ എന്ന മട്ടിൽ അവൾക്കൊപ്പം കയ്യും വീശി റിലാക്സ് അഭിയച്ച് റൂം വരെ എത്തി.

 ഹാവൂ.. ദേ ഇരിക്കുണു എന്റെ റൂമിൽ രണ്ട് പുരുഷ കേസരികൾ നെഞ്ചും വിരിച്ച്. ചുറുട്ടികൂട്ടിയ ഹാൾ ടിക്കട്ട് ശ്രദ്ധയോടെ പുറത്തെടുത്ത് പരത്തി അമർത്തിത്തുടച്ച് എ4 സൈസാക്കി ഹാളിൽ കയറി.. ഹോ.. ഈ ഇടെ കിട്ടിയ വലിയ റിലാക്സ്. പരീക്ഷ ഒട്ടും പ്രയാസമായി തോന്നിയില്ലാ. അതിലും വലിയ പ്രയാസം തരണം ചെയ്ത ആശ്വാസത്തിൽ കുറേ എ യും ബിയും സിയും കുറച്ച് ഡി കളും കറിപ്പിച്ച് വിട്ടു. എട്ട് നിലയിൽ പൊട്ടും..! ഉറപ്പ്.

ന്നാലും ന്തൊരു ആശ്വാസാ.. "ലേഡീസ് ഓൺളി" പോസ്റ്റിനു അപ്ലേ ചെയ്തവൻ എന്ന നാണക്കേടീന്നും മാനക്കേടീന്നും രക്ഷപെട്ടല്ലോ.. ഹാവൂ

കുട്ടികൾക്കെതിരെയുള്ള ചാനൽ ചൂഷണം | പരാതി


2015 ജുൺ 13, / മലപ്പുറം,


ഹാഷിം കൊളംബൻ
വളാഞ്ചേരി, മലപ്പുറം
+91 98 95 460920ബാലാവകാശ സംരക്ഷണ കമ്മീഷൻ
കേരള സംസ്ഥാനംവിഷയം: കുട്ടികളെ സൈക്കോളജിക്കൽ അബ്യൂസ് (മാനസിക പീഢനം) ന് വിധേയമാക്കുന്ന ചാനൽ പ്രോഗ്രാമുകൾ കർശനമായി നിയന്ത്രിക്കണമെന്ന്  ആവശ്യപ്പെട്ടുള്ള പരാതിസർ,

കുട്ടികളെ കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന ചാനൽ  പരിപാടികളിൽ മിക്കവയിലും കുട്ടികളെ മെന്റൽ റ്റോർച്ചറിങ് നടത്തി അവ ചിരിക്കാനുള്ളവ ആണെന്ന മട്ടിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നവയിലെ ഭയാനകരമായ ബാലാവകാശ ധ്വംസനം നിയമത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരികയാണ് ഈ പരാതിയിലൂടെ ശ്രമിക്കുന്നത്.

കുട്ടികളുടെ പരിപാടി എന്നതിലുപരി നിഷ്കളങ്ക കുഞ്ഞുങ്ങളോട് ദ്വയാർത്ത പ്രയോഗങ്ങൾ നടത്തിക്കുകയും അവയുടെ മലീമസ വശം അവതാരകൻ ഒന്ന് കൂടി വിശദീകരിച്ച് അവയിലൂടെ ആനന്ദം  കണ്ടെത്തി അവയെല്ലാം ചിരിക്കാനുള്ളവ ആണെന്ന മട്ടിൽ പറഞ്ഞു ഫലിപ്പിക്കുന്നതായി ഈയിടെ ചില പരിപാടികളിൽ ശ്രദ്ധിക്കുകയുണ്ടായി. കുഞ്ഞുങ്ങളുടെ കുഞ്ഞു മനസ്സിലെ തോന്നലുകളെ വലിയവരുടെ പക്വ മനസ്സിന്റെ വ്യാപ്തിയിൽ വിശദീകരിക്കപ്പെടുന്ന സാഹചര്യം കുട്ടികളിൽ വലിയ അളവിൽ മാനസിക സംഘർഷത്തിന് ഇട നൽകും.

ഈ ഗണത്തിൽ പെടുത്താവുന്ന ചാനൽ ഷോകളിൽ വളരെ ജനപ്രീതിയുള്ള ടി.വി പ്രോഗ്രാമാണ്  സൂര്യാ ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കുട്ടിപട്ടാളം’ എന്ന കുട്ടികളുടെ ഷോ. കുട്ടികളുടെ നിഷ്കളങ്ക സംസാരമാണ് പരിപാടിയുടെ ഹൈലേറ്റ്, എന്നാൽ പിഴവുകൾ അറിയാതെയുള്ള കൊച്ച് വായിലെ വലിയ വർത്തമാനങ്ങളെ മറ്റൊരു തലത്തിൽ അവതാരകനാൽ വിശദീകരിക്കപ്പെട്ട് അവ പ്രേക്ഷകരിൽ ചിരിക്കാനുള്ളവ ആണെന്ന് വരുത്തിതീർക്കുന്ന രീതിയിലാണ് ചില എപ്പിസോഡുകൾ മുന്നോട്ട് പോകുന്നത്.

കുട്ടികൾ നിഷ്കളങ്കതയിൽ പങ്ക് വെക്കുന്ന സംസാര ശകലങ്ങളെ അവർക്ക് ഒട്ടും മനസ്സിലാവാത്ത മുതിർന്നവരുടെ നിലവാരത്തിൽ വിശദീകരിക്കപ്പെട്ട് അവയിലെ മലീമസ വശം ആസ്വാദനത്തിനായി നൽകുക എന്നത് മാത്രമാണ് ഇത്തരം പരിപാടികളിൽ നടക്കുന്നത്.  ഇത്തരം അവതരണം കുട്ടികളിൽ ആശയക്കുഴപ്പത്തിന് മാത്രമേ ഇട നൽകൂ.  കുട്ടികൾ പങ്ക് വെക്കാൻ ഉദ്ധേശിക്കുന്ന കാര്യങ്ങൾ അല്ലാ ഓഡിയൻസ് മനസ്സിലാക്കുന്നത് എന്ന് വരുമ്പോൾ അവ കുഞ്ഞുങ്ങളിലെ ആശയ വിനിമയത്തിനുള്ള ആത്മ വിശ്വാസം തന്നെ മുറിപ്പെടുകയാണ്.

കുട്ടികളോട് ചോദിക്കപ്പെടുന്ന കുഞ്ഞു മനസ്സിൽ ഒതുങ്ങാത്ത പല ചോദ്യങ്ങൾക്കും അവർ പറയുന്ന നിഷ്കളങ്ക ഉത്തരങ്ങളിൽ സഭ്യതയില്ലാത്ത ടിസ്റ്റുകൾ തിരയലും അവയിലൂന്നിയ തുടർ ചോദ്യങ്ങളും ഇത്തരം ചാനൽ പ്ലാറ്റ്ഫോമുകളിൽ കളർഫുള്ളായി കയ്യടികളോടെ അവതരിപ്പിക്കപ്പെടുന്നത്ത് കുട്ടികളിലെ കാഴ്ച്ചപ്പാടുകളെ വക്രീകരിക്കപ്പെടാനെ ഉപകരിക്കൂ. താൻ പറയുന്നത് കേമത്തരമാണെന്ന് പ്രേക്ഷകരാൽ അംഗീകരിക്കപ്പെടുന്ന ഇത്തരം സാഹചര്യം കുഞ്ഞിന്റെ മനസ്സിൽ ആ രീതി ആവർത്തിച്ച് കയ്യടി നേടാനുള്ള ഉൽസുകത കൂടുകയും കുഞ്ഞിന്റെ സ്വഭാവ രൂപീകരണതിന് അവ ഹാനിയായി തീരുകയും ചെയ്യും. പ്രോഗ്രാമിൽ പങ്കെടുക്കുന്ന കുട്ടികളിലും  ചാനലിലൂടേയും മറ്റ് മാർഗ്ഗങ്ങളിലൂടേയും ഇത്തരം പരിപാടികൾ കാണുന്ന മറ്റ് കുട്ടികളിലും ഇത്തരം അവതരണങ്ങൾ വലിയ രീതിയിലെ തെറ്റായ ധാരണക്ക് വളം വെക്കും.

വലിയ വായിൽ കുട്ടികളിൽ വരുന്ന സംസാരങ്ങളെ മുതിർന്നവർ ശാസന രീതിയിലും സ്നേഹോപദേശ രീതികളിലും തിരുത്തി നൽകുന്നതിൽ നിന്നാണ് കുഞ്ഞുങ്ങളിലെ ഭാഷയും സംസ്കാരവും ക്രമേണ രൂപപ്പെടുന്നത്. എന്നാൽ സംസാരങ്ങളിലെ നിഷ്കളങ്ക പോരായ്മകൾക്ക് ഇത്തരം പ്ലാറ്റ്ഫോമിൽ നിന്ന് കിട്ടുന്ന കയ്യടികളും  ചിരികളും സമ്മാനങ്ങളും എല്ലാം കുട്ടികളിൽ വലിയ രീതിയിലുള്ള തെറ്റായ ധാരണ അടിയുറച്ച് പോവുകയും അവ കുഞ്ഞുങ്ങളിലെ വളർച്ചാ ഘട്ടത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കയ്യടികൾ കിട്ടിയ രീതിയിലുള്ള സംസാരവും പെരുമാറ്റവും ആണ് സമൂഹം എന്നിൽ നിന്ന് താല്പര്യപ്പെടുന്നതെന്നും താൻ ഇനി അവയാണു പ്രാവർത്തികമാക്കേണ്ടത് എന്നും  ഇവയൊക്കെ ആണ് ശ്രദ്ധ നേടുവാൻ തനിക്ക് കഴിയുന്ന നല്ല മാർഗ്ഗം എന്നും തീർച്ചയായും കുഞ്ഞിൽ അടിയുറച്ച് പോകും.
കുഞ്ഞുങ്ങളുടെ പരിപാടി ആണെങ്കിലും മുതിർന്നവരെ  രസിപ്പിക്കുക എന്നതാണു പരിപാടിയുടെ ആകെ തുക. മുതിർന്ന പ്രേക്ഷകർക്ക് വേണ്ടി, അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി കുട്ടിത്വത്തിന്റെ നിഷ്കളങ്കതയെ മുറിപ്പെടുത്തുന്ന രീതിയിലെ സൈക്കോളജിക്കൽ അബ്യൂസ് വലിയ രീതിയിൽ ഇത്തരം പരിപാടികളിൽ യഥേഷ്ട്ടം കണ്ട് വരുന്നു.

സമിതിയുടെ ശ്രദ്ധയിലേക്കായി ഇത്തരത്തിലുള്ള പരിപാടികളുടെ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു:


കുട്ടിപട്ടാളം | 26/10/2014

അഛന്റെ ജോലിയുമായി ബന്ധപെട്ട സംസാരങ്ങളിൽ “കൈ കുടുങ്ങിയാൽ അച്ഛൻ രക്ഷിക്കും” എന്ന കുട്ടിയുടെ പറച്ചിലിന് “പെൺ വിഷയത്തിൽ അച്ഛൻ ഇത്തിരി നല്ല എക്സ്പേർട്ട് ആണെന്ന് വ്യക്തമായി. ഇനിം കൂടുതൽ പറയണ്ടാ” എന്ന് അവതാരകയുടെ വിവക്ഷ.
# എന്താണ് സംഗതി എന്ന് മനസ്സിലാവാതെ കുട്ടിയുടെ നിഷ്കളങ്ക നോട്ടം ബാക്കി.


കുട്ടിപട്ടാളം | എപ്പിസോഡ് 74

അവതാരക : അച്ഛൻ വീട്ടിലിരുന്ന് കുടിക്കുമ്പോ അമ്മ വഴക്ക് പറയാറുണ്ടോ?
കുട്ടി : ഞാനും കള്ള് കുടിക്കാറുണ്ട്
അവതാരക : ആണോ .. എങ്ങനുണ്ട്.. ?
കുട്ടി : നല്ല സൂപ്പറാ
അവതാരക : ഹ ഹ ഹ ഹാ ഹാ ഹാ... ഭാവിയിലെ വാഗ്ദാനം.. ന്യൂ ജനറേഷൻ..
തുടർന്ന് “അമ്മയും അമ്മമ്മയും കുടിക്കാറുണ്ടോ.. അമ്മമ്മ എത്ര ഗ്ലാസ് കുടിക്കും” എന്ന രീതിയിലെ തുടർ ചോദ്യങ്ങൾ
# കാര്യ ഗൗരവം അറിയാതെ പറയുന്ന കുഞ്ഞ് പ്രസ്ഥാവനകൾക്ക്  കുട്ടിയെ കൊണ്ട് കൂടുതൽ പറയിക്കുകയും അവ തിരുത്തി നൽകുന്നതിന് പകരം പ്രോത്സാഹനം നൽകി അവ ചിരിച്ച് ആഘോഷിക്കാനുള്ളവ ആണെന്ന രീതിയിലെ അവതരണത്തിന് ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.


കുട്ടിപട്ടാളം | എപ്പിസോഡ് 84

“അച്ഛന്റെ ബ്യൂട്ടീപാർലറിൽ സിനിമാ നടികളുടെ ഒക്കെ ഫോട്ടോ ഉള്ള പുസ്തകം ഉണ്ടോ.. അതിന്റെ നടുക്കത്തെ പേജ് ആരാ കീറിയെടുത്തു പോകാറ്?... (അംഗ വിക്ഷേപത്തോടെ) അത്തരം സിനിമാ നടികളുടെ ഫോട്ടോ കൊച്ചഛൻ അച്ഛൻ കാണതാണോ കൊണ്ട് പോകാറ്?...” എന്നീ ചോദ്യങ്ങളും
“അച്ഛൻ എടുക്കാൻ മാറ്റി വെച്ചവയാവും കൊച്ചഛൻ എടുത്തോണ്ട് പോകുന്നത്” എന്നിങ്ങനെ അവതാരക വിശദീകരണം നൽകുന്നതിനൊപ്പം “ഒരുമാതിരി പേർക്കൊക്കെ സംഗതി മനസ്സിലായിക്കാണും” എന്ന ഉറപ്പ് വരുത്തലും അവക്കൊക്കെ ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.


കുട്ടിപട്ടാളം | എപ്പിസോഡ് 54

അച്ഛൻ മരുന്ന് കഴിക്കുന്നതിനെ പറ്റി സംസാരിക്കുന്ന കുട്ടിയോട് അതിനെ ചുറ്റി പറ്റി പല വിധ ചോദ്യങ്ങൾ, തിരിച്ചു മറിച്ചും ഒത്തിരി ചോദ്യങ്ങൾക്ക് ശേഷം
അവതാരക : അഛൻ വെള്ളമൊഴിച്ചാണോ മരുന്ന് കഴിക്കാറ്?
കുട്ടി : മ്.. (അതെ എന്ന നിലക്കുള്ള തലയാട്ടൽ)
അവതാരക :  (സന്തോഷത്തോടെ) ഞാൻ പെട്ട പാടേയ്..
#  അച്ഛൻ മദ്യപിക്കുന്നു, കുട്ടി ആ രീതിയിൽ പറഞ്ഞു എന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രത. തുടർന്ന്  “അച്ഛൻ അമ്മയെ തല്ലാറുണ്ടോ.. വഴക്ക് കൂടാറുണ്ടോ” എന്നിങ്ങനെ തുടർ ചോദ്യങ്ങളും. ഇവക്കെല്ലാം ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.


കുട്ടിപട്ടാളം | എപ്പിസോഡ് 71

തന്റെ കൂടെ പരിപാടിയിൽ പങ്കെടുക്കുന്ന കൂട്ടുകാരിയുമായുള്ള കൂട്ട് വിവരിക്കുന്നതിനിടെ അവൾക്കായി ഞാൻ എന്റെ കളിപ്പാട്ടം എല്ലാം നൽകാറുണ്ടെന്ന കുഞ്ഞിന്റെ സന്തോഷത്തോടെ ഉള്ള സംസാരത്തിനിടെ,
അവതാരക : ആണോ.. എന്നിട്ടാണോ (ചൂണ്ടിക്കാണിച്ച്) ആ കൊച്ച് കഴിഞ്ഞ ദിവസം കളിപ്പാട്ടം കട്ട്കൊണ്ട് പോയത്.
കുട്ടി : ഇല്ലല്ലോ.. കുട്ടിപട്ടാളം ചേച്ചി വെറുതെ നുണ പറയാ..
അവതാരക : സത്യം.. ഒരു പാവ കൊണ്ട് പോയി.
കുട്ടി : എനിക്കതിന് പാവ ഇല്ലല്ലോ..
# കുഞ്ഞു  മനസ്സിൽ കൂടുതൽ അസ്വാരസ്യം നൽകാൻ കഴിയാത്തതിൽ “കുഞ്ഞിന് പാവ ഇല്ലാതെ പോയി” (ഉണ്ടായിരുന്നെങ്കിൽ ആ കുട്ടി കട്ടെടുത്തേനെ) എന്ന പരിഭവത്തോടെ അവതാരകയുടെ പിൻ വാങ്ങൽ.


കുട്ടിപട്ടാളം | എപ്പിസോഡ് 24

അമ്മയുടെ പേരെന്തെന്ന അവതാരകയുടെ ചോദ്യത്തിന് പ്രയാസപ്പെട്ട് അക്ഷരങ്ങൾ കൂട്ടിപ്പറയുന്ന കുട്ടിയോട് അവ നാലഞ്ച് തവണ ആവർത്തിപ്പിക്കുകയും  “ഒരു മകനും അമ്മയെ ‘സെക്സി’ എന്ന് വിളിക്കരുത്” എന്ന കമന്റിന് നിറയെ കയ്യടികളും ചിരികളും.
കൺഫ്യൂഷനിലായ കുട്ടി “അപ്പോൾ ചേച്ചി വിളിച്ചല്ലോ” എന്ന നിഷ്കളങ്ക ചോദ്യത്തിന് “ഞാൻ എന്റെ അമ്മയെ വിളിച്ചില്ലല്ലോ” എന്ന മറുപടി അവതാരകയിൽ നിന്ന്.
# താൻ പറഞ്ഞതെന്ന് പറയപെട്ട വാക്കുകളുടെ ഗൗരവം ഒട്ടും മനസ്സിലാവാത്ത പ്രായത്തിലെ കുട്ടികളോട് ഇവ്വിതം മുതിർന്ന രീതിയിലെ വ്യാഖ്യാനങ്ങളും അവ ആസ്വാദനാ യോഗ്യമാണെന്ന രീതിയിൽ കുഞ്ഞുങ്ങളോട് ആവർത്തിച്ചുള്ള ചോദ്യങ്ങളും.
# അമ്മയല്ലാത്തവരെ ഇത്തരത്തിൽ വിളിക്കാം എന്ന ധാരണ കുട്ടികളിൽ വളരാൻ ഇവ ധാരാളം.


കുട്ടിപട്ടാളം | എപ്പിസോഡ് 25

ഉപ്പച്ചിയുടെ ജോലി എന്തെന്ന ചോദ്യത്തിന് ഫോണെടുക്കൽ എന്ന കുട്ടിയുടെ മറുപടിക്ക് “എവിടെ ഫോൺ കണ്ടാലും എടുത്തോളും... കോഴിക്കോട്ട്കാർ ശ്രദ്ധിച്ചോ... ഈ കുട്ടിയുടെ ഉപ്പച്ചി എവിടെ ഫോൺ കണ്ടാലും അപ്പോ എടുത്തോളും”
# കുഞ്ഞുങ്ങളുടെ ധാരണകൾക്കപ്പുറം നെഗറ്റീവ് തലത്തിലുള്ള വിശദീകരണവും അവക്കുള്ള കയ്യടികളും ചിരികളും.

തൊട്ടടുത്ത കുട്ടി ചോദിച്ചവക്ക് എന്തു മറുപടി പറഞ്ഞെന്ന് കുട്ടിയോട് ചോദിക്കപ്പെട്ടതിൽ “ഞാൻ മറുപടി ഒന്നും പറഞ്ഞില്ലാ.. ആവശ്യമില്ലാത്തവരോട് ഞാനെന്തിന് സംസാരിക്കണം” എന്ന മറുപടിക്ക് “നല്ല തീരുമാനം” എന്ന അവതാരകയുടെ അഡ്വൈസും കയ്യടിയും.
# കുഞ്ഞു മനസിലെ നെഗറ്റീവ് ചിന്താഗതിക്ക് തിരുത്തലിന് പകരം അവയെ അഭിനന്ദിക്കുന്നത് കുഞ്ഞ് മനസ്സിൽ വലിയ രീതിയിലുള്ള പ്രത്യാഘാതം സൃഷ്ട്ടിക്കും


കുട്ടിപട്ടാളം | എപ്പിസോഡ് 30

അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിനെ പറ്റി കുഞ്ഞിനെ കൊണ്ട് പറയിക്കുന്നതിനിടയിൽ അച്ഛൻ എന്നേയും അടിക്കും എന്ന കുട്ടിയുടെ മറുപടിക്ക്,
അവതാരിക : കുഞ്ഞിനെ അടിക്കുന്നത് എനിക്കറിയണ്ടാ...അമ്മയെ അടിക്കുന്നത് പറാ..
തുടർന്ന് വീട് വഴക്കിനുള്ള കാരണങ്ങളുടെ തുടർ ചോദ്യങ്ങളും ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
# കുട്ടികളുടെ കാര്യങ്ങൾ സംസാരിക്കുന്നതിലുപരി കുടുംബ വഴക്കും വീട്ടിലെ മറ്റ് പ്രശ്നങ്ങളും കുഞ്ഞുങ്ങളെ കൊണ്ട് പറയിക്കുക. അവ ഒന്നൂടെ വിശദീകരിച്ച് അവയിൽ ആസ്വാദനം കണ്ടെത്തുക എന്ന ലക്ഷ്യം മാത്രം അവതാരകയിൽ.

ഡ്രസ്സിടുന്നത് എന്തിനെന്ന ചോദ്യത്തിന് വയർ കാണാതിരിക്കാൻ എന്ന കുട്ടിയുടെ മറുപടിക്ക് അവതാരകയുടെ തുടർ ചോദ്യം,
അവതാരക : അപ്പോ വയർ മാത്രം മറച്ചാൽ പോരെ?
കുട്ടി : ഷോൾഡർ കാണാതിരിക്കാനാ ഉടുപ്പ് ഇടുന്നെ
അവതാരക : അപ്പോ (പാന്റ് തൊട്ട് കാണിച്ച്) ഇതോ
കുട്ടി : പാന്റ് ഇടാൻ
അവതാരക : അതെന്തിനാ ഇടുന്നെ
കുട്ടി : ‘...ട്ണു...’ കാണാതിരിക്കാൻ (ചാനൽ സെൻസർ ചെയ്തതാണ് ‘...ട്ണു...’ എന്ന ശബ്ദം)
കുട്ടി പറഞ്ഞ സെൻസർ ചെയ്യപ്പെടേണ്ടി വന്ന സഭ്യത ഇല്ലാത്ത വാക്കിന് കയ്യടികളോടെ, ചിരികളോടെ ഉള്ള “താങ്ക്യൂ ” മറുപടി. കൂടെ “ കൊച്ച് പറയാതിരിക്കാൻ മാക്സിമം ശ്രമിച്ചു” എന്ന കമന്റും
# താൻ പറയിക്കാൻ ഉദ്ധേശിച്ചവ പെട്ടെന്ന് കിട്ടിയതിലെ നന്ദി പറച്ചിലും സന്തോഷവും അവതാരകയിൽ.

തുടർന്നുള്ള കുട്ടിയോടും പാന്റിടുന്നതെന്തിനെന്നുള്ള ചോദ്യം. കുട്ടിയിൽ നിന്ന് ‘ഷഡ്ഡി’ കാണാതിരിക്കാനെന്ന മറുപടിയും, അവക്കും അവതാരകയിൽ നിന്ന് താങ്ക്സും ലാളനവും ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.


കുട്ടിപട്ടാളം | എപ്പിസോഡ് 30

ഫലങ്ങൾ കായ്ക്കുന്ന മരങ്ങളുടെ നാമം ചോദിക്കുന്ന ചോദ്യത്തിന് കുട്ടി പറഞ്ഞ ഉത്തരം തെറ്റിയെന്ന് മനസ്സിലായ ഉടനെ കുഞ്ഞ് അവ തിരുത്തി പറയുമ്പോൾ,
അവതാരക : ഉറപ്പിച്ചു ഞാൻ.. ഇനി മാറ്റമില്ലാ.. മാറ്റമില്ലാ.. എനിക്കിഷ്ട്ടല്ലാ മാറ്റണത്.
തുടർന്ന് കുട്ടി പറഞ്ഞ തെറ്റായ നാമത്തെ ഒന്നു കൂടെ വിശദീകരിച്ച് അവക്ക് ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
# കുഞ്ഞുങ്ങളിലെ ശരിയായ മറുപടികളേക്കാൾ അവതാരകക്ക് താല്പര്യം അവരിൽ നിന്ന് കിട്ടുന്ന തെറ്റായ വിവരങ്ങൾ. എന്നിട്ടവക്ക് അവതാരകയാൽ ഒരു വിശദീകരണവും ആസ്വാദനാ രീതിയിലെ കയ്യടികളും ചിരികളും.


കുട്ടിപട്ടാളം | എപ്പിസോഡ് 48

‘അമ്മ വന്നിട്ടുണ്ടോ.. എവിടെ” എന്ന ചോദ്യത്തിന് കൈ ചൂണ്ടി “അതാ അവിടെ” എന്ന് കുഞ്ഞിന്റെ മറുപടി. മനസ്സിലായില്ലല്ലോ എന്ന അവതാരകയുടെ  തുടർ ചോദ്യത്തിന് ,
കുട്ടി : അടീല്.. അച്ഛന്റെ കൂടെ ഇരി... അടീല്...
അവതാരക : അച്ഛന്റെ... അച്ഛന്റെ... ഹ ഹ ഹ ഹാ... അടീല് ഹ ഹ ഹാ...
അവതാരകയിൽ വഷളൻ ചിരിയും ഓഡിയൻസ് ഉൾപ്പെടെ ഉള്ളവരുടെ കയ്യടികളും ആർപ്പ് വിളികളും.


കുട്ടിപട്ടാളം | 07/12/2014

തന്റെ പേര് അനാമിക ആണെന്നുള്ള കുട്ടിയുടെ സംസാരത്തിന് അതിന്റെ അർത്ഥമായ നാമമില്ലാത്തവൾ എന്ന കൊള്ളരുതാത്ത പേര് എന്തിനാ കുഞ്ഞിനിട്ടെ.. ആരാ ഇട്ടെ.. നാത്തൂൻ പറഞ്ഞിട്ട് ഇട്ട പേര് കൊള്ളൂലാ.. രസമില്ലാ... എന്നൊക്കെ കുഞ്ഞിനെ പറഞ്ഞ് ധരിപ്പിച്ച് അത്തരത്തിൽ പേരിട്ടതിനെ പറ്റി വീട്ടിൽ അവരെ (അച്ഛന്റെ പെങ്ങളെ) വിളിച്ച് രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം എന്ന മട്ടിൽ ചീത്ത വിളിക്കുന്നതിന് പരിശീലനം നടത്തിക്കുന്നു.
# കുട്ടികളിലെ ആത്മവിശ്വാസത്തിന് കോട്ടം വരും വിധമുള്ള അവതാരകയുടെ അപക്വ സംസാരങ്ങളും പെരുമാറ്റവും. മുതിർന്നവരോട് സംസാരിക്കുന്നതിലെ തെറ്റായ രീതിക്കുള്ള പ്രചോദനവും പരിശീലനവും.

അങ്കിൾ ജോലി ചെയ്യുന്നത് ‘മയ്യിൽ’ എന്ന സ്ഥലത്താണെന്നുള്ള സംസാരത്തിന്` കുട്ടിക്കത് വ്യക്തമായി പറയാൻ ആവാതെ വന്നതിൽ “മയ്... മയ്യ്... മയി...” എന്ന രീതിയിലെ സംസാര ശകലത്തിന് ‘ട്യൂ...ട്യൂ.’ എന്നുള്ള ചമ്മൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കയ്യടികളും പ്രേക്ഷകരുടെ അതിരറ്റ സന്തോഷത്തിലെ ചിരികളും.
# ഇത്തരം ട്രാക്കിൽ കുട്ടിയുടെ സംസാരം എത്തിക്കാനായി വ്യക്തമായി പറയാൻ സാധിക്കാതിരുന്ന വാക്ക് വീണ്ടും വീണ്ടും പറയിച്ച് സഭ്യത ഇല്ലാത്ത എന്തോ കുട്ടി പറഞ്ഞെന്ന രീതിയിൽ അതിനെ കൊണ്ടെത്തിച്ച് അവക്ക് ചിരികളും കയ്യടികളും.


കുട്ടിപട്ടാളം | 26/10/2014

ഇത്തിരി കടുത്ത ഭാഷയിൽ സംസാരിക്കുന്ന കുട്ടിയെ കൂടുതൽ കൂടുതൽ പ്രലോഭിപ്പിച്ച് ദേഷ്യപ്പെടുന്ന രീതിയിൽ സംസാരിപ്പിക്കാനുള്ള അവതാരകയുടെ ശ്രമം. അവയിൽ നിന്ന് കിട്ടുന്ന ട്വിസ്റ്റുകൾക്ക് അവതാരകയുടെ ഉറക്കെയുള്ള ചിരികളും തുടർ കമന്റുകൾക്കൊപ്പം  ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
# താൻ സംസാരിക്കുന്നവയിലെ കേമത്തരത്തിന് കിട്ടുന്ന പ്രോത്സാഹനത്തിൽ വിശ്വസിച്ച്  കൂടുതലായി ആ രീതിയിൽ പറയാനുള്ള ശ്രമം കുട്ടിയിൽ അധികരിക്കും. താൻ പറയുന്നവ കേമത്തരമാണെന്ന ധാരണ നൽകുന്നത് കുഞ്ഞിലെ സ്വഭാവ രൂപീകരണത്തെ ചീത്തയായി ബാധിക്കുകയും ചെയ്യും.


ശ്രദ്ധയിൽ പെട്ട സൂര്യാ ടി.വി സംപ്രേക്ഷണം ചെയ്യുന്ന ‘കുട്ടി പട്ടാളം’ എന്ന പരിപാടിയുടെ ചില എപ്പിസോഡുകൾ ആണ് മുകളിൽ എടുത്തെഴുതിയിരിക്കുന്നത്. മിക്ക എപ്പിസോഡുകളിലും ‘വീട്ടിലെ വഴക്ക്, അമ്മയെ അച്ഛൻ അടിക്കാറുണ്ടോ, അച്ഛൻ മദ്യപിക്കാറുണ്ടോ, അമ്മ – അമ്മായിയമ്മ വഴക്ക്, ചീത്ത വിളിക്കൽ’ എന്നീ വിഷങ്ങളിലൂന്നിയ ചോദ്യങ്ങളും ‘അസൂയ, ശൃഗാരം, സൈറ്റടിക്കൽ, ഗേൾഫ്രണ്ട്, അഹങ്കാരം, കുശുമ്പ്’ തുടങ്ങിയ നെഗറ്റീവ് മറുപടികൾ ലഭ്യമാവാനുദ്ധേശിച്ചുള്ള ചോദ്യാവലികളും  കുട്ടികളിൽ ധാരാളം ഉപയോഗിക്കുന്നു. ഇവക്ക് കിട്ടുന്ന നിഷ്കളങ്ക മറുപടികളിൽ നിന്ന് വീണ് കിട്ടുന്ന ട്വിസ്റ്റുകൾ കണ്ടെത്തി അവക്ക് അവതാരകയാൽ ഒരു വിവക്ഷ നൽകപെട്ട് ആസ്വാദനത്തിനുള്ളവ ആണെന്ന മട്ടിലുള്ള അവതരണമാണു ചാനലിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്.

വീട്ടിലെ രഹസ്യങ്ങൾ കുട്ടികളെ കൊണ്ട് പറയിപ്പിച്ച് അവയിൽ ആനന്ദം കണ്ടെത്തുക എന്ന ചീപ്പ് മെന്റാലിറ്റിയുടെ വഷളൻ ദൃശ്യവൽക്കരണത്തിനായി കുട്ടികളെ ദുരുപയോഗപ്പെടുത്തുകയും കുട്ടിത്തരത്തിനപ്പുറം പല തലങ്ങളിലും കുഞ്ഞുങ്ങളുടെ നിഷ്കളങ്ക സംസാരത്തിന് വിവക്ഷ നൽകി അവരെ സൈക്കോളജിക്കൽ അബ്യൂസിന് വിധേയമാക്കുകയും ചെയ്യുന്ന ഇത്തരം ചാനൽ പരിപാടികൾ ബാലാവകാശ സംരക്ഷണ സമിതി ഗൗരപൂർവ്വം ശ്രദ്ധയിലെടുത്ത് കുട്ടികൾക്കെതിരെ നടക്കുന്ന ചൂഷണം തടയണമെന്ന് അപേക്ഷിക്കുന്നു.


വിനയപുരസ്സരം

ഹാഷിം കൊളംബൻ
hashimcolombo@gmail.com
+91 9895 460 920  |  +971 56 432 5641 (യു.എ.യി)(ബാലാവകാശ സംരക്ഷണ കമ്മീഷനിൽ സമർപ്പിച്ച പരാതിയുടെ പി.ഡി.എഫ് ഡോക്കുമെന്റ് രൂപം ഇവിടെ അമർത്തി ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്)

അവര്‍ അവനെ കൊന്നു...!


ഇക്കയുടെ ബോധം തെളിയുന്നത് വരെ ഞാനും ഉപ്പയും പുറത്ത് അക്ഷമയോടെ കാത്ത് നിന്നു. ഞങ്ങളെ പോലെ ഒത്തിരി പേര്‍ അവിടെ ഉണ്ടായിരുന്നു. എല്ലാവരുടെ മുഖത്തും മ്ലാനത. ആരും ഉറക്കെ സംസാരിക്കുന്നില്ലാ. എല്ലാ I.C.U. വും ഇതുപോലെ തന്നെ ആയിരിക്കും. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ ഒരു ദിവസത്തോളം I.C.U. ല്‍ കിടത്തും. അനസ്തേഷ്യയുടെ സ്വധീനം തീര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള അവസ്ഥ ആയാലേ റൂമിലേക്ക് മാറ്റൂകയുള്ളൂ എന്ന് മുമ്പേ അറിയിച്ചിരുന്നു.

ഇക്കാക്ക് ബോധം വന്നെന്നും ഒരാള്‍ക്ക് അകത്ത് കയറി കാണാമെന്നും അറിയിച്ചപ്പോ ഉപ്പ അകത്ത് കയറി. ഇത്തിരി നേരം കഴിഞ്ഞപ്പോ എനിക്കും അകത്തേക്ക് ചെല്ലാനുള്ള അനുവാദം കിട്ടി. ഇക്കാനെ കാണാന്‍ അകത്ത് കയറിയ എനിക്ക് ആദ്യം കാണാന്‍ കഴിഞ്ഞത് ഇക്ക കിടക്കുന്നതിനരികിലെ ബെഡ്ഡില്‍ കിടന്ന് കരയുന്ന ഒരു പയ്യനെയാണ്. ശ്വാസം വലിക്കാന്‍ അവന്‍ ഒരുപാട് പ്രയാസപ്പെടുന്നുണ്ടായിരുന്നു‍.
പിന്നീടാണറിഞ്ഞത്, പന്ത് കളിക്കിടെ കാല്‍തെറ്റി വീണ് നട്ടെല്ലിന് മൂന്ന് പൊട്ടലുകള്‍ സംഭവിച്ച് അത്യാസന്ന നിലയില്‍ ആണ് ആ പയ്യനെന്ന്. അവന്‍ ഏങ്ങലടിച്ച് കരയുന്നതാണ് ശ്വാസ തടസ്സമായി എനിക്ക് തോന്നിയത്. എന്തോ, അവനെ കൂടുതല്‍ നോക്കി നില്‍ക്കാന്‍ ആയില്ലാ. ഇത്തിരി നേരം ഇക്കാക്കരികില്‍ നില്‍ക്കാന്‍ അനുവാദം ലഭിച്ചെങ്കിലും ആ പയ്യന്റെ അവസ്ഥ കണ്ടപ്പോ അവിടെ നില്‍ക്കാന്‍ ഒട്ടും തോന്നിയില്ലാ. ഉടനെ തന്നെ I.C.U. വില്‍ നിന്ന് പുറത്ത് കടക്കാന്‍ ഒരുങ്ങി. ഞാന്‍ പയ്യനെ ശ്രദ്ധിക്കുന്ന അത്രയുംനേരം ഇക്ക ഉപ്പയോട് എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം തന്നെ ഇക്കയെ റൂമിലേക്ക് മാറ്റി. ചെരിഞ്ഞ് കിടക്കാനും, ഇരിക്കാനും, പയ്യെ നടക്കാനും ആകുന്നത് വരെ ഉപ്പയായിരുന്നു അവന്റെ കൂട്ടിന്. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസമാണ് ഞാന്‍ വീണ്ടും ഹോസ്പിറ്റലിലേക്ക് പോയത്. അന്നേരമാണ് വീണ്ടും ആ പയ്യനെ പറ്റി കേള്‍ക്കാനിടവന്നത്.
സ്കൂളില്‍ പന്ത് കളിക്കിടെ വീണതായിരുന്നത്രെ ആ 12 വയസ്സ് കാരന്‍. നിര്‍ദ്ധന വീട്ടിലെ അവനെ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പിരിവെടുത്താണ് നാലുനാളിനു ശേഷം കൂടുതല്‍ സൌകര്യമുള്ള ഈ ഹോസ്പിറ്റലില്‍ എത്തിച്ചത്. പയ്യന്‍ രക്ഷപ്പെടില്ലാ എന്ന് അദ്ധ്യാപകരേയും പയ്യന്റെ കൂടെ ഉള്ളവരേയും ഡോക്റ്റര്‍ അറിയിച്ചിരുന്നെന്ന് പിന്നീട് മനസ്സിലാക്കാനായി.

അനസ്തേഷ്യയുടെ മയക്കം കഴിഞ്ഞ് പാതി ബോധത്തില്‍ I.C.U. ല്‍ കിടന്ന ഇക്കാക്ക് തുടക്കത്തില്‍ അറിയാന്‍ കഴിഞ്ഞത്, വെളുത്ത് മെലിഞ്ഞ ഒരു നേഴ്സ് ആരോടോ കയര്‍ത്ത് സംസാരിക്കുന്നതാണ്. തുടര്‍ന്ന് കയ്യിലുള്ള സ്റ്റീല്‍റൂള്‍ കൊണ്ട് ആരേയോ അടിക്കുന്നതും കഴിക്കാന്‍ നല്‍കിയ ഭക്ഷണം തുപ്പിക്കളയുന്നു എന്ന കാരണത്താലും ഉച്ചത്തില്‍ കരയുന്നു എന്ന കാരണത്താലും തുടരെ ശകാരിക്കുന്നതും തുപ്പുന്നത് നിര്‍ത്താന്‍ തോര്‍ത്ത് കൊണ്ട് വായ മൂടി കെട്ടാന്‍ ഒരുങ്ങുന്നതുമാണ്.

I.C.U. വിലെ അവസ്ഥ യഥാവിധം മനസ്സിലായി തുടങ്ങിയപ്പോഴാണ്. ശകാരിക്കുന്നതും ക്രൂരമായി പെരുമാറുന്നതും മരണം കാത്ത് കിടക്കുന്ന ആ 12 വയസ്സുകാരനോടാണെന്ന് ഇക്കാക്ക് മനസ്സിലായത്. അന്ന് I.C.U. വില്‍ കയറിയ ഞാന്‍ ആ പയ്യനെ ശ്രദ്ധിക്കുന്ന സമയമത്രയും ഇക്ക ഉപ്പയോട് അടുത്ത് കിടക്കുന്ന പയ്യനെ അവര്‍ ഉപദ്രവിക്കുന്നു എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഓപ്പറേഷന്‍ കഴിഞ്ഞ് ബോധം തിരിച്ച് കിട്ടി ആദ്യമായി ഇക്ക സംസാരിക്കുന്നത് തന്നെ ആ പയ്യനെ കുറിച്ചായിരുന്നു.

അതെ അവര്‍ അവനെ കൊന്നു..!
ക്രൂരമായി തന്നെ കൊന്നു.

ഇക്ക I.C.U. വില്‍ നിന്നിറങ്ങിയ പിറ്റേ ദിവസം വൈകീട്ട് ആ 12 വയസ്സ്കാരന്‍ മരണപെട്ടു.

മരണത്തിനു കീഴടങ്ങാന്‍ മാത്രം പ്രശ്നങ്ങള്‍ അവന്റെ വീഴ്ച്ചയില്‍ ഉണ്ടായിട്ടുണ്ടാവാം എന്ന്  മനസ്സിലാക്കുന്നു. അവന്റെ മരണം മുമ്പേ ഉറപ്പായിരുന്നിട്ടും എന്തിനവനോട് ഇവ്വിധം പെരുമാറി..! ഈ ലോകത്ത് ജീവിക്കുന്ന അവസാന നിമിഷം വരെ അവന് ഇത്തിരി ആശ്വാസം നല്‍കാമായിരുന്നില്ലേ..!
അതെ നിങ്ങള്‍ അവനെ കൊന്നു...! ക്രൂരമായി തന്നെ മരണത്തിലേക്ക് തള്ളിവിട്ടു.

മരണത്തെ മുഖാമുഖം കണ്ടും കൊടിയ വേദനയോട് മല്ലിടുകയും ചെയ്യുന്ന സമയം അവയോട് പ്രതികരിക്കുന്ന രീതിയുടെ വികലതക്ക് നല്‍കേണ്ട ശുശ്രൂഷയായിരുന്നോ ആതുര സേവകരേ നിങ്ങള്‍ അവന് നല്‍കിയത്.
വേണ്ടായിരുന്നു, പാടില്ലായിരുന്നു ഇത്രയും ക്രൂരത ആ പയ്യനോട്.
വാക്കുകള്‍ കൊണ്ടും പുഞ്ചിരി കൊണ്ടും സന്തോഷത്തിന്റെ ചെറുകണം നല്‍കാന്‍ കഴിയാതിരുന്ന ആതുര സേവകരേ നിങ്ങള്‍ കൊന്നതാ അവനെ അതും അതിക്രൂരമായി തന്നെ..!!