പുനർ പരീക്ഷാ എന്ന കടുത്ത മനുഷ്യാവകാശ ലംഘനം..!! മനുഷ്യാവകാശ സമിതിക്ക് സമർപ്പിച്ച പരാതി


28-03-2017

പ്രേക്ഷിതൻ
ഹാഷിം കൊളംബൻ
കൊളംബോ ഹൌസ്
എടയൂർ പോസ്റ്റ്
വളാഞ്ചേരി – മലപ്പുറം കേരളം 676552

സ്വീകർത്താവ്
മനുഷ്യാവകാശ കമ്മീഷൻ
കേരള സംസ്ഥാനം

വിഷയം: ലക്ഷക്കണക്കിനു വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ബാധിക്കുന്ന മനുഷ്യാവകാശ ലംഘനത്തെ കുറിച്ച്..


സർ,
2016 -17 അധ്യായന വർഷത്തിലെ ഇക്കഴിഞ്ഞ പത്താം തരം കണക്ക് പരീക്ഷ ചില സാങ്കേതിക തകരാർ മൂലം കുട്ടികൾ വീണ്ടും എഴുതേണ്ടിവരുന്ന സാഹചര്യത്തിൽ, തത് വിഷയത്തിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനത്തെ കുറിച്ച് കമ്മീഷന്റെ മുമ്പായി ചില വസ്തുതകൾ സമർപ്പിക്കുന്നു.
 ലക്ഷക്കണക്കിനു വരുന്ന കുട്ടികളേയും അതിനിരട്ടിയോളം വരുന്ന മാതാപിതാക്കളേയും മാനസിക സമ്മർദ്ധത്തിലാക്കും വിധം 2016 - 17 വർഷത്തെ പത്താം തരം കണക്ക് പരീക്ഷ വീണ്ടും എഴുതണം എന്നാണ് കേരളാ വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
ഒന്നാം ക്ലാസ് മുതൽ പത്ത് വർഷത്തോളം ഉള്ള മെട്രിക്കുലേഷൻ സംവിധാനത്തിലെ ഏക പൊതു പരീക്ഷയായ പത്താം തരം പരീക്ഷ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വളരെ ഗൌരവത്തോടെ തന്നെയാണു കാണുന്നത്. ഗൌരവത്തിനനുസരിച്ചുള്ള അങ്കലാപ്പും ആശങ്കയും തത് വിഷയത്തിൽ സ്വാഭാവികമായും ഉണ്ടാവുകയും ചെയ്യും.

 കുട്ടികൾ വളരെയധികം പ്രയത്നിച്ചും ആശങ്കാകുലരായും മാനസിക പിരിമുറുക്കം അനുഭവിച്ചും ഒക്കെ തന്നെയാണു പരീക്ഷയിൽ പങ്കെടുക്കുന്നത്. അവയെല്ലാം സഹിച്ച കുട്ടികൾ വീണ്ടും അവ നിർബന്ധപൂർവം ആവർത്തിക്കപ്പെടണം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് തികച്ചും മനുഷ്യാവകാശ ലംഘനം തന്നെയാണ്.

 അക്കമിട്ട് താഴെ പറയുന്ന കാര്യങ്ങളിലേക്ക് സമിതിയുടെ ശ്രദ്ധ ക്ഷണിക്കുന്നു.

1. പുനർ പരീക്ഷയിലൂടെ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ധം / വിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്ക് നൽകുന്ന അതിക മാനസിക പീഢനം

 2. പരീക്ഷ കഴിഞ്ഞു എന്ന ധാരണയിൽ നഷ്ടപ്പെടുത്തിയ പഠന പുസ്തകങ്ങളും നോട്സുകളും മറ്റ് പാഠ്യ ഉപകരണങ്ങളും പുനർ പരീക്ഷക്കായി കുട്ടികൾക്ക് എവിടെ നിന്ന് ലഭ്യമാകും എന്ന അരക്ഷിതാവസ്ഥ.

 3. പുനർ പരീക്ഷക്കായുള്ള യാത്രക്കും മറ്റും കുട്ടികളും മാതാപിതാക്കളും ചിലവാക്കുന്ന അതിക തുക ഉണ്ടാക്കുന്ന സാമ്പത്തിക സമ്മർദ്ധം

 4. പരീക്ഷയിൽ നിന്നും ഒഴിഞ്ഞ് ഉല്ലാസങ്ങൾക്കായി ക്രമീകരിച്ച യാത്രകളും ടൂർ പ്രോഗ്രാമുകളും അവക്ക് ചിലവാക്കിയ തുക നൽകുന്ന സാമ്പത്തിക നഷ്ട്ടം പ്രത്യേകിച്ച് വിദേശങ്ങളിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾ പരീക്ഷ കഴിയുന്നതോടെ കുട്ടികളെ അവരുടെ അടുക്കലേക്ക് കൊണ്ട് പോകാനായി ഒരുക്കിയ വിസ, വിമാന ടിക്കറ്റ്, മറ്റ് താമസ ക്രമീകരണങ്ങൾ എന്നിവ താളം തെറ്റുന്നതിലൂടെ ഉണ്ടാകുന്ന ഭീമമായ പണ നഷ്ട്ടം.

5. പരീക്ഷ നടത്തിപ്പ് പിഴവ് കുട്ടികളിൽ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയും, താൻ അധ്യായനം നടത്തുന്ന വിദ്യാഭ്യാസ വകുപ്പിനു വരെ കാര്യപ്രാപ്തി ഇത്രയേ ഉള്ളൂ എന്ന് കുട്ടികൾ മനസ്സിലാക്കുന്നതിലൂടെ അവരിൽ ഉണ്ടാകുന്ന ആശയക്കുഴപ്പവും അതുമൂലം അവരുടെ സ്വഭാവത്തിൽ പ്രതിഫലിക്കുന്ന ലാഘവ മനോഭാവവും

 മുകളിൽ അക്കമിട്ട് പറഞ്ഞ എല്ലാ കാര്യങ്ങളും വിദ്യാർഥികളേയും രക്ഷിതാക്കളേയും കടുത്ത മാനസിക സമ്മർദ്ധത്തിലാക്കുന്നവയാണ്. പുനർ പരീക്ഷക്ക് തയ്യാറെടുക്കാൻ നിർദ്ധേശിക്കുക വഴി വിദ്യാഭ്യാസ വകുപ്പ് കുട്ടികളെ ഉൾപ്പെടെ ലക്ഷക്കണക്കിനു ആളുകളെ മാനസികമായി പീഢിപ്പിക്കാൻ മുതിരുകയാണ്.

 വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതമൂലം നിരപരാധികളായ കുട്ടികൾ അനുഭവിക്കാനിരിക്കുന്ന പീഢനത്തിൽ നിന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും നിയമം മൂലം ലഭ്യമായ എല്ലാ പരിരക്ഷയും ലഭിക്കണമെന്നും, നിർബദ്ധിതാവസ്ഥയിൽ പരീക്ഷ എഴുതിക്കുന്ന പക്ഷം അവ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ധത്തിനും മറ്റ് സാമ്പത്തിക ചിലവുകൾക്കും തക്കതായ നഷ്ട്ടപരിഹാരമായി ഒരു ലക്ഷംരൂപ ഓരോ വിദ്യാർഥിക്കും എന്ന നിലയിൽ നഷ്ട്ടപരിഹാരം ലഭ്യമാക്കണമെന്നും അപേക്ഷിക്കുന്നു.
നിരപരാധികളായ കുട്ടികളെ ഇവ്വിധം കഷ്ട്ടപ്പെടുത്തി അവരുടെ മനക്കരുത്ത് അപ്പാടെ നശിപ്പിക്കും വിധമുള്ള ഇത്തരം ഗുരുതരമായ തെറ്റുകൾ മേലിൽ ആവർത്തിക്കാതിരിക്കാനുള്ള നിയമ പരിരക്ഷയും താഴ്മയോടെ ആവശ്യപ്പെടുന്നു.

 നടപ്പ് വ്യവസ്ഥയിൽ മറ്റ് പോംവഴികളില്ലാ എന്ന ലാഘവ നിലപാടിൽ സമിതി എത്തിച്ചേരില്ല എന്ന വിശ്വസ്ഥതയോടെ.

 ഹാഷിം കൊളംബൻ