Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

ബ്ലോഗോർമ്മ...!


പെണ്ണുകാണൽ സ്റ്റൈലാക്കാൻ ഓളോടും ഉപ്പാടും കോഴിക്കോട് മാളിൽ വരാൻ പറഞ്ഞ്. കാണലും സംസാരവും ഒക്കെ കഴിഞ്ഞ് ജൂസുകുടിക്കാൻ കൂട്ടുകാരനോടൊപ്പം കടയിൽ കയറി ഇറങ്ങുമ്പോ എതിർ ദിശയിൽ പരിചയ മുഖമുള്ള ഒരാൾ... പെട്ടെന്ന് ക്ലിക്കായില്ല.. ന്നാലും എന്തോ അടുപ്പം... ഓടിച്ചെന്ന് ബാക്കീന്ന് തോണ്ടി ഹാഇ പറഞ്ഞു... പരിചയം ഉള്ളപോലെ എന്ന് പറഞ്ഞപ്പോ ആൾ പറഞ്ഞു 
ഹേയ് വകുപ്പില്ലാ.. ഞാൻ കോഴിക്കോട് കാരനല്ലാ എന്ന്. 
ന്താ ഇവ്വിടെ എന്ന് ചോദിച്ചപ്പോ പറയാ ബ്ലോഗിലെ കുറച്ച് പേർ മാനാഞ്ചിറ സ്കൊയറിൽ കൂടണുണ്ട്.. അവർക്ക് കൊറിക്കാൻ വാങ്ങാൻ ഇറങിയതാന്ന്....
പുള്ളി മൻസൂർ ചെറുവാടി... ഞങ്ങൾ പരസ്പരൻ ഇന്നേവരെ കണ്ടിട്ടില്ലാ.. രണ്ട് കൊല്ലത്തെ ആത്മബന്ധം ഉണ്ട് താനും.. ആ ബദ്ധമാകാം കണ്ടപ്പോ അറിയുന്ന ആളാന്ന് മനസ്സ് പറഞ്ഞത്.
സന്തോഷത്തോടെ ബ്ലോഗ് കൂട്ടത്തോടൊപ്പം ചേർന്നു... പത്തിരുപത് പേർ ഉണ്ട്...
ബെർളി കോഴിക്കോട് മനോരമയിൽ ആണെന്ന് ആരോ പറഞ്ഞപ്പോ പണ്ടെന്നോ സേവ് ചെയ്ത നംബറിൽ ആദ്യമായി വിളിച്ചു. ബ്ലോഗർ കൂതറഹാഷിമാണു...
അതിനു എന്നാ വേണം..?
കാണണം.. മാനാഞ്ചിറ സ്കോറിൽ വാ..
പറ്റില്ല ‌... പണിയിലാണു.
ഓക്കെ എന്നാ എല്ലാരൂടെ അങ്ങോട് വരാം...
.. വേണ്ടാ.. പത്തുമിനിട്ട്.. ഞാൻ വരാം...
പുള്ളി വന്നു.. ഞങ്ങളൊക്കെ ത്രില്ലടിച്ചു നിക്കാ... ചുള്ളൻ ബെർളി.. ചിരിച്ചോണ്ട് കുറേ സംസാരിച്ചു.. എല്ലാവരും കൂടെ നിന്ന് പടമെടുക്കാൻ ധൃതികൂട്ടി... പത്ത് മിനിട്ട് നിന്ന് പുള്ളി പോയി.. ബ്ലോഗ് പുലിയെ കണ്ട ഞങൾക്കും കുറേ സന്തോഷം...
രണ്ട് മിനിട്ട് കഴിഞ്ഞപ്പൊ ബെർളീടെ കാൾ... "ഹാഷിമേ പണിപാളി.. മാനാഞ്ചിറ സ്കോറിൽ നിന്നിറങ്ങുമ്പോ ഒരു പയ്യൻ വന്ന് നിങ്ങൾ സിനിമാ നടനല്ലേ എനിക്കും ഒരു ഫോട്ടോ എടുക്കണം ന്ന് പറഞ്ഞ് എന്നെ വിടാതെ നിർത്തിയേക്കാ.." എന്ന്...
ഞങ്ങൾ കുറേ ചിരിച്ചു.. ഞങളുടെ പടം പിടിക്കാനുള്ള ആക്രാന്തം കണ്ടപ്പോ പയ്യൻ കരുതി ബെർളി സിനിമാ നടനാണെന്ന്.... പയ്യനെ കുറ്റം പറയാൻ പറ്റില്ലാ.. ബെർളിയും കാണാൻ ചുള്ളനാാ

അവര്‍ അവനെ കൊന്നു...!


ഇക്കയുടെ ബോധം തെളിയുന്നത് വരെ ഞാനും ഉപ്പയും പുറത്ത് അക്ഷമയോടെ കാത്ത് നിന്നു. ഞങ്ങളെ പോലെ ഒത്തിരി പേര്‍ അവിടെ ഉണ്ടായിരുന്നു. എല്ലാവരുടെ മുഖത്തും മ്ലാനത. ആരും ഉറക്കെ സംസാരിക്കുന്നില്ലാ. എല്ലാ I.C.U. വും ഇതുപോലെ തന്നെ ആയിരിക്കും. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ ഒരു ദിവസത്തോളം I.C.U. ല്‍ കിടത്തും. അനസ്തേഷ്യയുടെ സ്വധീനം തീര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള അവസ്ഥ ആയാലേ റൂമിലേക്ക് മാറ്റൂകയുള്ളൂ എന്ന് മുമ്പേ അറിയിച്ചിരുന്നു.

ഇക്കാക്ക് ബോധം വന്നെന്നും ഒരാള്‍ക്ക് അകത്ത് കയറി കാണാമെന്നും അറിയിച്ചപ്പോ ഉപ്പ അകത്ത് കയറി. ഇത്തിരി നേരം കഴിഞ്ഞപ്പോ എനിക്കും അകത്തേക്ക് ചെല്ലാനുള്ള അനുവാദം കിട്ടി. ഇക്കാനെ കാണാന്‍ അകത്ത് കയറിയ എനിക്ക് ആദ്യം കാണാന്‍ കഴിഞ്ഞത് ഇക്ക കിടക്കുന്നതിനരികിലെ ബെഡ്ഡില്‍ കിടന്ന് കരയുന്ന ഒരു പയ്യനെയാണ്. ശ്വാസം വലിക്കാന്‍ അവന്‍ ഒരുപാട് പ്രയാസപ്പെടുന്നുണ്ടായിരുന്നു‍.
പിന്നീടാണറിഞ്ഞത്, പന്ത് കളിക്കിടെ കാല്‍തെറ്റി വീണ് നട്ടെല്ലിന് മൂന്ന് പൊട്ടലുകള്‍ സംഭവിച്ച് അത്യാസന്ന നിലയില്‍ ആണ് ആ പയ്യനെന്ന്. അവന്‍ ഏങ്ങലടിച്ച് കരയുന്നതാണ് ശ്വാസ തടസ്സമായി എനിക്ക് തോന്നിയത്. എന്തോ, അവനെ കൂടുതല്‍ നോക്കി നില്‍ക്കാന്‍ ആയില്ലാ. ഇത്തിരി നേരം ഇക്കാക്കരികില്‍ നില്‍ക്കാന്‍ അനുവാദം ലഭിച്ചെങ്കിലും ആ പയ്യന്റെ അവസ്ഥ കണ്ടപ്പോ അവിടെ നില്‍ക്കാന്‍ ഒട്ടും തോന്നിയില്ലാ. ഉടനെ തന്നെ I.C.U. വില്‍ നിന്ന് പുറത്ത് കടക്കാന്‍ ഒരുങ്ങി. ഞാന്‍ പയ്യനെ ശ്രദ്ധിക്കുന്ന അത്രയുംനേരം ഇക്ക ഉപ്പയോട് എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം തന്നെ ഇക്കയെ റൂമിലേക്ക് മാറ്റി. ചെരിഞ്ഞ് കിടക്കാനും, ഇരിക്കാനും, പയ്യെ നടക്കാനും ആകുന്നത് വരെ ഉപ്പയായിരുന്നു അവന്റെ കൂട്ടിന്. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസമാണ് ഞാന്‍ വീണ്ടും ഹോസ്പിറ്റലിലേക്ക് പോയത്. അന്നേരമാണ് വീണ്ടും ആ പയ്യനെ പറ്റി കേള്‍ക്കാനിടവന്നത്.
സ്കൂളില്‍ പന്ത് കളിക്കിടെ വീണതായിരുന്നത്രെ ആ 12 വയസ്സ് കാരന്‍. നിര്‍ദ്ധന വീട്ടിലെ അവനെ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പിരിവെടുത്താണ് നാലുനാളിനു ശേഷം കൂടുതല്‍ സൌകര്യമുള്ള ഈ ഹോസ്പിറ്റലില്‍ എത്തിച്ചത്. പയ്യന്‍ രക്ഷപ്പെടില്ലാ എന്ന് അദ്ധ്യാപകരേയും പയ്യന്റെ കൂടെ ഉള്ളവരേയും ഡോക്റ്റര്‍ അറിയിച്ചിരുന്നെന്ന് പിന്നീട് മനസ്സിലാക്കാനായി.

അനസ്തേഷ്യയുടെ മയക്കം കഴിഞ്ഞ് പാതി ബോധത്തില്‍ I.C.U. ല്‍ കിടന്ന ഇക്കാക്ക് തുടക്കത്തില്‍ അറിയാന്‍ കഴിഞ്ഞത്, വെളുത്ത് മെലിഞ്ഞ ഒരു നേഴ്സ് ആരോടോ കയര്‍ത്ത് സംസാരിക്കുന്നതാണ്. തുടര്‍ന്ന് കയ്യിലുള്ള സ്റ്റീല്‍റൂള്‍ കൊണ്ട് ആരേയോ അടിക്കുന്നതും കഴിക്കാന്‍ നല്‍കിയ ഭക്ഷണം തുപ്പിക്കളയുന്നു എന്ന കാരണത്താലും ഉച്ചത്തില്‍ കരയുന്നു എന്ന കാരണത്താലും തുടരെ ശകാരിക്കുന്നതും തുപ്പുന്നത് നിര്‍ത്താന്‍ തോര്‍ത്ത് കൊണ്ട് വായ മൂടി കെട്ടാന്‍ ഒരുങ്ങുന്നതുമാണ്.

I.C.U. വിലെ അവസ്ഥ യഥാവിധം മനസ്സിലായി തുടങ്ങിയപ്പോഴാണ്. ശകാരിക്കുന്നതും ക്രൂരമായി പെരുമാറുന്നതും മരണം കാത്ത് കിടക്കുന്ന ആ 12 വയസ്സുകാരനോടാണെന്ന് ഇക്കാക്ക് മനസ്സിലായത്. അന്ന് I.C.U. വില്‍ കയറിയ ഞാന്‍ ആ പയ്യനെ ശ്രദ്ധിക്കുന്ന സമയമത്രയും ഇക്ക ഉപ്പയോട് അടുത്ത് കിടക്കുന്ന പയ്യനെ അവര്‍ ഉപദ്രവിക്കുന്നു എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഓപ്പറേഷന്‍ കഴിഞ്ഞ് ബോധം തിരിച്ച് കിട്ടി ആദ്യമായി ഇക്ക സംസാരിക്കുന്നത് തന്നെ ആ പയ്യനെ കുറിച്ചായിരുന്നു.

അതെ അവര്‍ അവനെ കൊന്നു..!
ക്രൂരമായി തന്നെ കൊന്നു.

ഇക്ക I.C.U. വില്‍ നിന്നിറങ്ങിയ പിറ്റേ ദിവസം വൈകീട്ട് ആ 12 വയസ്സ്കാരന്‍ മരണപെട്ടു.

മരണത്തിനു കീഴടങ്ങാന്‍ മാത്രം പ്രശ്നങ്ങള്‍ അവന്റെ വീഴ്ച്ചയില്‍ ഉണ്ടായിട്ടുണ്ടാവാം എന്ന്  മനസ്സിലാക്കുന്നു. അവന്റെ മരണം മുമ്പേ ഉറപ്പായിരുന്നിട്ടും എന്തിനവനോട് ഇവ്വിധം പെരുമാറി..! ഈ ലോകത്ത് ജീവിക്കുന്ന അവസാന നിമിഷം വരെ അവന് ഇത്തിരി ആശ്വാസം നല്‍കാമായിരുന്നില്ലേ..!
അതെ നിങ്ങള്‍ അവനെ കൊന്നു...! ക്രൂരമായി തന്നെ മരണത്തിലേക്ക് തള്ളിവിട്ടു.

മരണത്തെ മുഖാമുഖം കണ്ടും കൊടിയ വേദനയോട് മല്ലിടുകയും ചെയ്യുന്ന സമയം അവയോട് പ്രതികരിക്കുന്ന രീതിയുടെ വികലതക്ക് നല്‍കേണ്ട ശുശ്രൂഷയായിരുന്നോ ആതുര സേവകരേ നിങ്ങള്‍ അവന് നല്‍കിയത്.
വേണ്ടായിരുന്നു, പാടില്ലായിരുന്നു ഇത്രയും ക്രൂരത ആ പയ്യനോട്.
വാക്കുകള്‍ കൊണ്ടും പുഞ്ചിരി കൊണ്ടും സന്തോഷത്തിന്റെ ചെറുകണം നല്‍കാന്‍ കഴിയാതിരുന്ന ആതുര സേവകരേ നിങ്ങള്‍ കൊന്നതാ അവനെ അതും അതിക്രൂരമായി തന്നെ..!!

ദുരിതക്കിടക്കയില്‍ പ്രാര്‍ഥനയോടെ..


'പതിമൂന്ന് രൂപക്ക് അണ്‍ ലിമിറ്റഡ് മൊബൈല്‍ നെറ്റ്, മൂന്ന് ദിവസത്തേക്ക്' ഈ ഓഫര്‍ ആക്റ്റീവ് ചെയ്ത് മൊബൈലില്‍ ചാറ്റികൊണ്ടിരിക്കുമ്പോഴാണ് സ്ട്രക്ച്ചറുമായി രണ്ട് നേഴ്‍സുമാര്‍ എന്റെ റൂമിലേക്ക് വന്നത്. “ടോയ്‌ലറ്റില്‍ പോകാനുണ്ടെങ്കില്‍ വേഗം പോയിട്ട് വാ” വന്നയുടനെ അവര്‍ പറഞ്ഞു . 12 മണിക്കൂര്‍ മുമ്പ് ഭക്ഷണം ഒന്നും കഴിക്കാന്‍ പാടില്ലെന്ന് പറഞ്ഞതിനാല്‍ ടോയ്‌ലറ്റില്‍ പോയിട്ടും കാര്യമുണ്ടായില്ലാ. എന്നാലും കഷ്ട്ടപെട്ട് ഇത്തിരി മുള്ളി. ഇനി അവിടെ പോയി ഇഞ്ചക്ഷന്‍ എടുക്കുമ്പോഴങ്ങാനും അറിയാതെ മുള്ളിപോയാലോ എന്ന പേടിയും ഉണ്ടായിരുന്നു. മുള്ളലും കഴിഞ്ഞ് മുഖം കഴുകി മുടി ചുള്ളനായി ഒതുക്കിവെച്ച് സ്ട്രക്ച്ചറില്‍ കയറി കിടന്നു. താഴത്തെ നിലയില്‍ ഓപ്പറേഷന്‍ തിയേറ്ററിനു അരികിലെ റൂമില്‍ വെച്ച് ഉടുത്തിരിക്കുന്ന മുണ്ടും ടീഷര്‍ട്ടും അഴിപ്പിച്ച് പച്ച കളറിലുള്ള ഒരു കോട്ട് ഇടാന്‍ തന്നു. ബി പി നോക്കി അത് കുറിച്ച് വെച്ച് കയ്യിലും ചന്തിയിലും ചെറിയ രണ്ട് ഇഞ്ചക്ഷന്‍ തന്ന് എന്നെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റി.

അഞ്ച് മിനുട്ട് കൂടുമ്പോ ഒരു നേഴ്സ് എന്റെ ബി പി നോക്കുന്നുണ്ടായിരുന്നു. പേടിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോ തുടങ്ങിയതാ ചെറിയ ഒരു പേടി. കയ്യിലെ തള്ളവിരലില്‍ ഇട്ടിരിക്കുന്ന പള്‍സ് സെന്‍സെര്‍ ക്ലിപ്പ് വഴി മോണിറ്ററില്‍ എന്റെ പേടി പയ്യെ പയ്യെ ഉയരുന്നതായി എനിക്ക് തന്നെ കാണാമായിരുന്നു. “ഛെ ഇത്രയും വലുതായിട്ടും പേടിയോ” എനിക്ക് തന്നെ എന്റെ പേടിയോട് വെറുപ്പ് തോന്നി. എനിക്കിഷ്ട്ടപെട്ട ഒരു നാടന്‍ പാട്ട് മനസ്സില്‍ പാടാന്‍ ശ്രമിച്ചു . പയ്യെ പയ്യെ പള്‍സ് നോര്‍മല്‍ ആയപ്പോ പേടി പോയെന്നും ഞാന്‍ ഭയങ്കര സംഭവം ആണെന്നും എനിക്കു തോന്നി. എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞ എന്നോട് എനിക്ക് ബഹുമാനവും ആദരവും തോന്നി തുടങ്ങി. സന്തോഷം കൂടിയപ്പോ ദേ പള്‍സ് വീണ്ടും കൂടുന്നു, പുറമേ കാണിച്ച ജാഡയൊന്നും സെന്‍സെറിനെ പറ്റിക്കാന്‍ ഒക്കില്ലെന്ന് കണ്ട ഞാന്‍ കണ്ണുകളടച്ച് കിടന്നു. അതിനിടക്ക് നാല് കുപ്പി ഗ്ലൂക്കോസ് കയറിയിരുന്നു വലത് കയ്യിലൂടെ.

പയ്യെ എഴുനേറ്റ് ഇരിക്കാന്‍ പറഞ്ഞ് എന്നെ രണ്ട് നേഴ്സുമാര്‍ പരമാവധി കുനിച്ച് പിടിച്ചു. അനങ്ങാന്‍ പറ്റാത്ത വിധം രണ്ടു പേര്‍ പിറകില്‍ നിന്നും അവരെ സപ്പോട്ട് ചെയ്തു. മുമ്പ് കഴിഞ്ഞ സര്‍ജറിക്ക് കുത്തിയ നട്ടെല്ലിനുള്ള അനസ്ത്യേഷ്യ ഇപ്പം കുത്തും എന്ന പ്രതീക്ഷയില്‍ തന്നെ ആയിരുന്നു ഞാനും. നട്ടെല്ലിന്റെ കശേരുക്കള്‍ തപ്പിനോക്കി ഡോക്റ്റര്‍ പറഞ്ഞു ചെറിയ ഒരു ഇഞ്ചക്ഷന്‍ വെക്കുന്നുണ്ടെന്ന്. “നുണ” എനിക്കറിയാം, കാണാന്‍ പേടിതോനുന്ന ഒരു വലിയ സൂചിയാണ് ഇഞ്ചക്ഷന് ഉപയോഗിക്കുന്നതെന്ന്. വേദന സഹിക്കാന്‍ തയ്യാറായി ജാഡയോടെ ഞാന്‍ “ഓക്കെ” പറഞ്ഞു. നട്ടെല്ലില്‍ ഒരു കിടിലം വേദന....... കുത്തി നിര്‍ത്തിയ സൂചി തിരിച്ചെടുക്കും വരെ ഞാന്‍ ചോദിചോണ്ടിരുന്നു “തീര്‍ന്നോ”. ഞാന്‍ ചോദിച്ചത് എനിക്ക് മത്രേ മനസ്സിലായുള്ളൂ. വേദന കാരണം ശബ്ദം പുറത്തു വന്നിരുന്നില്ലെന്ന് പിന്നീടാ മനസ്സിലായെ.

അല്‍പ്പസമയം കഴിഞ്ഞപ്പോ പയ്യെ പയ്യെ അരക്ക് താഴെ തരിപ്പ് വരാന്‍ തുടങ്ങി. കാല്‍മുട്ട് വരെ മാത്രേ എത്തിയുള്ളൂ ആ തരിപ്പ്. അത് മനസ്സിലാക്കിയ ഡോക്റ്റര്‍ വീണ്ടും എന്നെ കുനിച്ച് ഇരുത്തി. എന്നിട്ട് പറയാ ഒരു ചെറിയ ഡോസ് കൂടി വേണമെന്ന്. എനിക്ക് ശരിക്കും സങ്കടായി. ഇനിയും നട്ടല്ലിനുള്ള കുത്ത് സഹിച്ചേ തീരൂ. വീണ്ടും കുത്തി, ആദ്യ ഡോസിന്റെ എഫക്റ്റ് കാരണം ഒത്തിരി വേദനിച്ചില്ലാ. എന്നാലും ഉണ്ടാര്‍ന്നു കുറേ വേദന. ഇപ്പൊ ചെയ്ത അനസ്തേഷ്യ ശരിക്കും എഫക്റ്റ് ചെയ്തു. ഇപ്പൊ അരക്ക് താഴെ ഒന്നുമില്ലാ. തൊട്ടുനോക്കിയപ്പോ മരത്തിലോ മറ്റോ തൊട്ടത് പോലെ. കണ്ണ് മൂടികെട്ടുന്നതിനു മുമ്പേ ഞാന്‍ ചുറ്റും നോക്കി. മൂന്ന് പാത്രം നിറയെ കത്രികകള്‍, പിന്നെ ഒരു ചുറ്റിക, അപ്പുറത്ത് ഒരു ചെറിയ ഡ്രില്ലിങ് മെഷീന്‍ പിന്നെ കണ്ടാല്‍ അറിയാത്ത കുറേ എന്തൊക്കയോ സാധനങ്ങള്‍. ഇനി പേടിക്കാനൊന്നുമില്ലാ, വേദനിക്കിലാ. കാലില്‍ എന്ത് ചെയ്താലും ഇനി ഒന്നും അറിയിലാ.

എന്തൊക്കയോ തട്ടുകയും മുട്ടുകയും ചെയ്യുന്ന ശബ്ദം മാത്രം കേള്‍ക്കാം. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കണ്ണിലെ കെട്ടഴിച്ച് കാലിലേക്ക് നോക്കികൊള്ളാന്‍ പറഞ്ഞു. ആഹാ.... എന്റെ കാല്‍ ഇപ്പൊ ഫ്രീ ആയിരിക്കുന്നു. നാല് മാസം മുമ്പ് കാലില്‍ ഇട്ടിരുന്ന illizrove steel എല്ലാം കാലിലില്‍ നിന്നും എടുത്തു മാറ്റിയിരിക്കുന്നു. (♪♫ സന്തോഷം കൊണ്ടെനിക്ക് കിടക്കാന്‍ വയ്യേ ഞാനിപ്പം....♪♫)

റിക്കവറി റൂമിലേക്ക് മാറ്റിയ എന്നെ ഒരു നേഴ്സ് വന്ന് ഇടക്കിടക്ക് പള്‍സും ബി പി യും കുറിച്ചെടുക്കുന്നുണ്ടായിരുന്നു. ഞാന്‍ കൈകൊണ്ട് അരക്ക് താഴെ തൊട്ടു നോക്കി. ഒന്നും അറിയുന്നില്ലാ. അരക്ക് താഴെ ഒന്നും ഇല്ലാത്ത പോലെ. എനിക്ക് ഒത്തിരി സങ്കടം വന്നു. കഴുത്തിന് തഴേക്കും അരക്ക് താഴേക്കും ചലന ശേഷിയും സ്പര്‍ശന ശേഷിയും നഷ്ട്ടപെട്ട എന്റെ കൂട്ടുകാരെ ഞാന്‍ ഓര്‍ത്തു. അവരുടെ അവസ്ഥയും ഇപ്പോഴത്തെ എന്റെ അവസ്ഥയും ഒന്നാണെന്ന് മനസ്സിലായപ്പോഴാണ് സ്പൈനല്‍ കോഡിന് ക്ഷതം പറ്റിയാ‍ലുള്ള പ്രശ്നം എനിക്ക് ശരിക്കും മനസ്സിലായത്. ആലോചിക്കും തോറും എന്റെ ഹൃദയം കൂടുതല്‍ മിടിക്കാന്‍ തുടങ്ങി. വീട്ടുകാരുടേയും, കോമയില്‍ കിടക്കുന്ന പ്രിയ സുഹൃത്ത് ഷാനിയുടേയും മുഖം മനസ്സില്‍ തെളിഞ്ഞപ്പോ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ലാ.

കടിച്ചമര്‍ത്താന്‍ ശ്രമിച്ച തേങ്ങലുകള്‍ പൊടുന്നനെ പുറത്തു വന്നു തുടങ്ങി. അതോടെ ബി പി ഒത്തിരി കുറയാന്‍ തുടങ്ങി. ബി പി കുറവാണെന്ന് കണ്ട നേഴ്സ് ഉടനെ ഡോക്റ്ററെ വിളിക്കുകയും ഒരു ഇഞ്ചക്ഷന്‍ തരുകയും ചെയ്തു. എന്നോട് ഒന്നും പേടിക്കാനില്ലെന്നും സങ്കടപ്പെടരുതെന്നും ഡോക്റ്റര്‍ പറഞ്ഞു. പക്ഷെ ആരുടെ മുഖം കണ്ടാലും എനിക്ക് സങ്കടം കൂടികൂടി വന്നു. ഇഞ്ചക്ഷന്‍ ചെയ്തു പോവാന്‍ ഒരുങ്ങിയ ഡോക്റ്ററുടെ കൈകള്‍ മുറുകെ പിടിച്ച് കിടന്നപ്പോ കുറച്ച് ആശ്വാസം തോന്നി.

ഉപ്പയെ കാണണമെന്ന് പറഞ്ഞ എന്റെ അടുക്കലേക്ക് ഉപ്പയെ കൊണ്ടുവന്ന് കരയുരുതെന്ന് സിസ്റ്റെര്‍ പ്രത്യേകം പറഞ്ഞെങ്കിലും എനിക്കതിന് കഴിഞ്ഞില്ലാ. ഉപ്പയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ത്ത് വെച്ച് ഞാ‍ന്‍ കുറേ കരഞ്ഞു. പയ്യെ പയ്യെ നോര്‍മല്‍ ആയ എന്നെ ഇനി നീ ആരേയും കാണേണ്ടെന്നും കണ്ടാ നീ കരയുമെന്നും പറഞ്ഞ് ഒറ്റക്ക് കിടത്തി. പയ്യെ പയ്യെ ഞാ‍ന്‍ ഉറങ്ങി തുടങ്ങി.

പിറ്റേ ദിവസം ഡോക്റ്റര്‍ വന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ തലേ ദിവസം കാണിച്ച് കൂട്ടിയ വെപ്രാളങ്ങള്‍ അവരെ എത്രത്തോളം വിഷമിപ്പിച്ചെന്ന് മനസ്സിലായത്. ബിപി ഒരുപാട് കുറഞ്ഞെന്നും അത് ജീവന് തന്നെ ഭീഷണി ആവുന്ന രീതിയില്‍ എത്തിയെന്നും അവരെ അത് ഒരുപാട് ഭയപെടുത്തിയെന്നും പറഞ്ഞ് ഡോക്റ്റര്‍ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. വേണ്ടാത്ത ഓരോന്ന് ആലോചിച്ച് വീട്ടുകരേയും ഞങ്ങളേയും വിഷമിപ്പിച്ച് നീ എന്ത് നേടി എന്ന് ഡോക്ട്ടര്‍ ചോദിച്ചപ്പോഴും ഷാനിയുടെ മുഖം മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ..!