തുഞ്ചന്‍ മീറ്റ് | കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു



മീറ്റിലെ ഞാന്‍.
മീറ്റിനു വേണ്ടി തലേ ദിവസം വൈകീട്ട് തന്നെ തുഞ്ചന്‍ പറമ്പിലേക്ക്. അവിടെ എത്തിയപ്പോ നല്ല രസം. കുറേ പേര്‍ അവിടെ ഉണ്ടായിരുന്നു. എല്ലാവരും കൂടി രാത്രി നല്ല രസകരമാക്കി. മീറ്റിന്റെ അന്ന് ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഉള്ള സംസാരത്തില്‍ കളിയാക്കലുകളും ചീത്തപറച്ചിലുകളും മറ്റുമായി ഉറങ്ങാന്‍ കുറേ വൈകി. എന്നാലും മീറ്റിന്റെ ത്രില്ലില്‍ രാവിലെ നേരത്തെ ഉണര്‍ന്നു. മീറ്റ് ബാനര്‍ (ഫ്ലെക്സ് ബോഡ്) ഗേറ്റിലും മീറ്റ് ഹാളിലും കെട്ടാനായി പുറപ്പെട്ടു. അര മണിക്കൂര്‍ കൊണ്ട് അവ ഭംഗിയാക്കി. രാവിലെ 7,30 മുതല്‍ തന്നെ മീറ്റിനായി ബ്ലോഗര്‍മാര്‍ എത്തിത്തുടങ്ങിയിരുന്നു. ഭക്ഷണം കഴിക്കാനായി വണ്ടിയുമായി അതില്‍ കൊള്ളുന്നവരെ കൂട്ടി ടൌണിലെത്തി. ഭക്ഷണം കഴിച്ച് ചുമ്മാ ഇറങ്ങിപ്പോന്നു. കൂടെ ഉള്ളവരിലാരോ കാശ് കൊടുത്തിരുന്നു.

തിരിച്ച് വന്ന് കുളിക്കാന്‍ മടി ഉണ്ടായെങ്ങിലും മീറ്റല്ലേ എല്ലാവരും വരുന്നതല്ലെ എന്നും കരുതി കുളിച്ചു. പിന്നെ ഡ്രെസ്സ് മാറി മീറ്റ് ഹാളിലേക്ക്. പേര് റെജിസ്റ്റര്‍ ചെയ്തപ്പോ എനിക്കും കിട്ടി ഒരു കാഡും ടാഗും. അതും കഴുത്തിലിട്ട് വരുന്നവരെ കാണാനുള്ള ത്രില്ലോടെ മെയിന്‍ എന്‍ഡ്രന്‍സിലേക്ക്. കൂട്ടമായും ഒറ്റയായും കുറേ പേര്‍ വന്നു. എല്ലാവരേയും കണ്ടു. സംസാരിച്ചു കുറേ ചിരിച്ചു.

പയ്യെ മീറ്റ് ഹാളി പോയി. ഞാനും എന്നെ പറ്റി പറഞ്ഞു
"ഞാന്‍ ഹാഷിം. ബ്ലോഗില്‍ കൂതറ ഹാഷിം. പോസ്റ്റുകള്‍ ഒന്നും അധികമില്ലാ. വായിക്കുന്നതിലൊക്കെ കമന്റ് ഇടാറുണ്ട്. ഉടക്ക് കമന്റുകളോട് കൂടുതല്‍ തല്പര്യം"
ഇത്രയും പറഞ്ഞ് വീണ്ടും മീറ്റിന് വന്നുകൊണ്ടിരിക്കുന്നവരെ കാണാന്‍ പുറത്തിറങ്ങി. അതിനിടയില്‍ വന്ന രണ്ട് കോളുകള്‍ ലൌഡ് സ്പീക്കറില്‍ ഇട്ട് മൈക്കിനോട് ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് പറയാനുള്ള ആശംസകള്‍ എല്ലാവരേയും കേള്‍പ്പിച്ചു. മീറ്റിന് വരാന്‍ ആഗ്രഹിച്ചിട്ടും കഴിയാതെ പോയ അവരുടെ സാന്നിദ്ധ്യവും എല്ലാവര്‍ക്കും കിട്ടി.

വിക്കീപീഡിയ ക്ലാസിനു മുമ്പേ കിട്ടിയ അരമണിക്കൂര്‍ കൊണ്ട് ബ്ലോഗ് വായനശാല എന്ന ആശയത്തെ കുറിച്ച് ഒരു ചെറു വിവരണം നല്‍കി. അതുകൂടി കഴിഞ്ഞപ്പോ ആശ്വാസം തോന്നി ഇനി ഫ്രീയായി നടക്കാം. എല്ലാവരേയും കാണാം, സംസാരിക്കാം, കുറേ ചിരിക്കാം.

ഒത്തിരി പേരോട് കുറേ നേരം സംസാരിച്ചു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക്, ഒരു കൂട്ടത്തില്‍ നിന്ന് മറ്റൊരു കൂട്ടത്തിലേക്ക് ഓടി നടന്ന് എല്ലവരേയും കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു.
തുഞ്ചന്‍ മീറ്റില്‍ കണ്ടവരെ എല്ലാം പേരെടുത്ത് എഴുതാന്‍ തുനിഞ്ഞാല്‍ മീറ്റിനു വന്ന 150 ഓളം ബ്ലോഗര്‍മാരേയും കൂടെ വന്ന 30 ഓളം പേരുകളും എഴുതേണ്ടി വരുമെന്നതിനാല്‍ തന്നെ ആരേയും പേരെടുത്ത് പറയുന്നില്ലാ. മീറ്റിനു വന്ന ഒരാളെ പോലും നേരില്‍ കാണാതെ പോയിട്ടില്ലാ എന്നു തന്നെ വിശ്വസിക്കുന്നു.

2 മണിയോടെ ഊണ്‍ കഴിക്കാന്‍ ഊട്ടു പുരയിലെത്തി. നല്ല വാഴയിലയില്‍ ഒരു കിടിലം സദ്യ കിട്ടി. അവസാ‍നം ഒരു ഗ്ലാസ് പായസവും. ഊണ് കഴിഞ്ഞതില്‍ പിന്നെ മീറ്റ് ഹാളിലേക്ക് പോയില്ലാ. അവിടിവിടെ കൂടി നിക്കുന്നവരിലേക്ക്, പടമെടുക്കുന്നവരിലേക്ക് ഞാനും ചേര്‍ന്നു. തുഞ്ചന്‍ പറമ്പ് നിറയെ കൂട്ടുകൂടാന്‍ കുറേ പേര്‍. എല്ലവരേയും കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു. മീറ്റിന്റെ അവസാന സെക്ഷനില്‍ ബ്ലോഗില്ലാത്തവരുടേയും പുതു ബ്ലോഗര്‍മാരുടേയും ആവശ്യ പ്രകാരം ഇത്തിരി കാര്യങ്ങളും അവര്‍ക്കുള്ള ചില സംശയങ്ങളും എനിക്കറിയാവുന്ന രൂപത്തില്‍ പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞു.


മീറ്റ്. കൂതറ കണ്ണിലൂടെ
ബ്ലോഗെന്ന ആശയത്തെ നെഞ്ചോട് ചേര്‍ത്തവരേക്കാളും ആവേശപൂര്‍വം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാല്‍ സംഭവ ബഹുലമായ തുഞ്ചന്‍ മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു.
ഒറ്റവാക്കില്‍ പറയാവുന്നത്: മറക്കില്ലൊരിക്കലും തുഞ്ചന്‍ മീറ്റെന്‍ മനം. ഒരുപാടിഷ്ട്ടായി. കുറേ പേരെ കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു.